'ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ല, ആരുടെയും വേദനയിൽ ഞാൻ ആഹ്ലാദിക്കില്ല'; പ്രതികരണവുമായി ഹണി റോസ്
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്ല താനെന്നും നിർത്താതെ വേദനപിച്ച് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. നിയമ വ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് പറഞ്ഞു.
" ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിൽ അല്ല ഞാൻ. നിർത്താതെ പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ട് ഞാൻ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ഞാൻ ആഹ്ലാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനിൽ പോകാനുള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും, " എന്നാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഹണി റോസ് നൽകിയ പരാതിയിൽ ബോബിക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കാക്കനാട് ജയിലിലാണ് ബോബി ഉള്ളത്. വിധ കേട്ട ബോബി ചെമ്മണ്ണൂരിന് രക്ത സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ കാക്കനാട് ജയിലിലേക്ക് മാറ്റി. നാളെ ജില്ലാ കോടതിയിൽ അപ്പിൽ നൽകുമെന്ന് ജയിലിലേക്ക് പോകുന്നതിനിടെ ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ചയായിരുന്നു ബോബി ചെമ്മണ്ണൂരിനെ പോലിസ് അറസ്റ്റ് ചെയ്തത്.
വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു.
അതേ സമയം 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും ഒളിവിൽ പോകാനും സാക്ഷികളെ സ്വാധിനിക്കാനും സാധ്യതയുണ്ടെന്നും പോലീസിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഹണി റോസിനെതിരായ ദ്വയാർത്ഥ പ്രയോഗം അശ്ലിലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതാണ്. വലിയ വ്യവസായിയായതിനാൽ നാട് വിടാൻ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ട് ശരി വെച്ച് കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേ സമയം നാളെ ജാമ്യം തേടി മേൽക്കോടതിയെ സമീപിക്കുമെന്ന് ബോബി പറഞ്ഞു.












Click it and Unblock the Notifications