'ബൽറാമിന്റെ മുന്നിൽ ഞാൻ വെറുമൊരു പുഴു', ട്രോളിന് മറുപടിയുമായി ചിത്തരഞ്ജൻ എംഎൽഎ
ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് ഹോട്ടലിന് എതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ രംഗത്ത് വന്നത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പിന്നാലെ എംഎല്‍എയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത് എത്തി.
''പൂട്ടടിച്ച് പൊളിച്ച് കുരുന്നുകൾക്ക് വീട് തിരിച്ചുനൽകുന്ന കോൺഗ്രസ് ജനപ്രതിനിധി. പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണൻ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി'' എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എയേയും ചിത്തരഞ്ജന്‍ എംഎല്‍എയേയും താരതമ്യപ്പെടുത്തിക്കൊണ്ടുളള ബല്‍റാമിന്റെ ട്രോള്‍. ഇതോടെ ബല്‍റാമിന് മറുപടിയുമായി ചിത്തരഞ്ജന്‍ എത്തിയിരിക്കുകയാണ്.

പിപി ചിത്തരഞ്ജൻ എംഎൽഎയുടെ പ്രതികരണം: '' അപഹാസ്യങ്ങൾ തുടരട്ടെ.. ഇതിൽ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റ്.. അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരിൽ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി എന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിർത്താടുകയാണ്. അതെല്ലാം കണ്ട് ബേജാറാവുന്നയാളല്ല ഞാൻ എന്ന വിവരം സൂചിപ്പിക്കട്ടെ. ഞാൻ ചെയ്ത തെറ്റെന്താണ് ?

സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയിൽ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോൾ, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോൾ ബില്ലിൻ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ എന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട് എന്ന് നമുക്കറിയാം.

എന്നാൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വി ടി ബലറാം ഇത്ര അധഃപതിക്കാമോ? ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകനായ എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയിൽ അധിക്ഷേപിച്ചിട്ടുള്ള ബൽറാമിന്റെ മുന്നിൽ ഞാൻ വെറുമൊരു പുഴു മാത്രം.
സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാർമ്മിക രോഷമാണ് ഞാൻ പരാതിയിലൂടെ പ്രകടിപ്പിച്ചത്.

അതൊരു പൊതുപ്രവർത്തകന്റെ ചുമതലയാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്നെ ആക്ഷേപിക്കുന്നവർ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും. എന്നെ നിങ്ങൾക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന് ഓർമ്മിപ്പിക്കട്ടെ..''












Click it and Unblock the Notifications