കേരളത്തില്‍ മേയ് 6 ന് ഹോട്ടല്‍ പണിമുടക്ക്; ഭക്ഷണവിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് ഉടമകള്‍
കൊച്ചി: സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. മേയ് ആറാം തീയതി സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി എന്‍ അബ്ദുള്‍ റസാഖും അറിയിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഇന്ന് 993 രൂപയാണ് വര്‍ധിപ്പിച്ചത്.
19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയും കൂട്ടിയിരുന്നു. ഇതാദ്യമായാണ് ഒറ്റത്തവണ പാചക വാതകത്തിന് ഇത്രയും വില വര്‍ധിപ്പിക്കുന്നത്. ഇന്നത്തെ വില പരിഷ്‌കാരത്തോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് 3000 രൂപ കടന്നു. അഞ്ച് മാസത്തിനുള്ളില്‍ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന്മേല്‍ വര്‍ധിച്ചത്.

ഈ സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത് എന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ഭക്ഷ്യോല്‍പാദന വിതരണ മേഖലക്ക് ഒരു വിധത്തിലും പിടിച്ച് നില്‍ക്കുവാനാവാത്ത സാഹചര്യമാണ് ഉള്ളത് എന്നും കടയടപ്പിന് മുന്നോടിയായി യൂണിറ്റ്, ജില്ലാതലത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തും എന്നും അസോസിയേഷന്‍ അറിയിച്ചു. മേയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയില്‍ കമ്പനികളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
എല്‍ പി ജി നിയന്ത്രണം കാരണം സംസ്ഥാനത്ത് പലയിടത്തും ദിവസങ്ങളോളം ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവയില്‍ പലതും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തന ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. മുന്‍കാലങ്ങളില്‍ പരമാവധി 100 രൂപയൊക്കെയാണ് സിലിണ്ടറിന് വര്‍ധിപ്പിക്കാറുള്ളത്.
ആ നിലയ്ക്ക് നോക്കുമ്പോള്‍ പത്തിരട്ടിയോളം വര്‍ധനവാണ് സിലിണ്ടര്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. പുതുക്കിയ വര്‍ധന പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് വില 3106 രൂപയായി. കൊച്ചിയില്‍ 3085 രൂപയും കോഴിക്കോട് വില 3117 രൂപയും ആണ് വില. പ്രാദേശിക വിതരണ ചെലവുകള്‍ക്ക് അനുസരിച്ച് സിലിണ്ടര്‍ വില വ്യത്യാസപ്പെടാറുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെ എല്ലാം വില വര്‍ധന സാരമായി ബാധിക്കും.
ഇനി മുതല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും. നേരത്തെ എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ പല ഹോട്ടലുകളും വിഭവങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളികള്‍, മറ്റ് ദിവസവേതനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ തുടങ്ങിയവരെ എല്ലാം വിഭവങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ബാധിക്കും.
അതേസമയം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് തല്‍ക്കാലം വില കൂട്ടിയിട്ടില്ല. ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ ഈ വര്‍ധനവ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.












Click it and Unblock the Notifications