ഹൈദരലി തങ്ങള്‍ ഉടന്‍ ആശുപത്രി വിടും; സുപ്രധാന തീരുമാനത്തിന് മുസ്ലിം ലീഗ്, ഉടച്ചുവാര്‍ക്കലില്ല
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ മനംമടുത്തിരിക്കുന്ന പ്രവര്‍ത്തകരെ വീണ്ടും സജീവമാക്കാന്‍ മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ അടുത്ത മാസം ആരംഭിക്കും. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ചികില്‍സ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ ആശുപത്രി വിടും. വൈകാതെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കും. നേതൃത്വത്തിന്റെ പല തീരുമാനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ സമവായത്തിന്റെ വഴിയൊരുക്കാനാകും ആദ്യ ശ്രമം. സംഘടനാ തലത്തില്‍ സമ്പൂര്‍ണമായ അഴിച്ചുപണി ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. അതേസമയം, രണ്ട് പദവികള്‍ വഹിക്കുന്നവരെ ഒരു പദവി എന്ന തരത്തിലേക്ക് മാറ്റാനാണ് സാധ്യത.

ഹൈദരലി തങ്ങള്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹം ഇന്നോ നാളെയോ ആശുപത്രി വിടും. ദിവസങ്ങള്‍ക്കകം തന്നെ പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കും. വിമത ശബ്ദം ഉയര്‍ത്തിയ കെഎം ഷാജി ഉള്‍പ്പെടെയുള്ള പ്രമുഖരെ സമവായത്തിന്റെ പാതയിലേക്ക് എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. തൊട്ടുപിന്നാലെയാണ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കുക. ഇത് പ്രവര്‍ത്തകരെ കൂടുതല്‍ സജീവമാക്കാനുള്ള വഴി കൂടിയായിട്ടാണ് നേതൃത്വം കരുതുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ചില മേഖലകള്‍ കടുത്ത പ്രതിഷേധത്തിലും നിര്‍ജീവാവസ്ഥയിലുമായിരുന്നു. ഇതില്‍ മാറ്റം വരുത്തുകയാണ് നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം.
അതേസമയം, മുസ്ലിം ലീഗില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ഉന്നതാധികാര സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനം വേണ്ടതാണ്. എന്നാല്‍ മുന്തിയ പരിഗണന രാഷ്ട്രീയ പ്രവര്‍ത്തനത്തിനാകണം. ഏതെങ്കിലും ഒരാള്‍ കാരണമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായത് എന്ന് പറയുന്നത് ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് സൂചിപ്പിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞു. തന്റെ ഹാഗിയ സോഫിയ ലേഖനം വിവാദമാക്കിയത് ഇടത് സൈബര്‍ ടീമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications