മുഖ്യമന്ത്രിപദത്തിന്റെ പേരില്‍ കലാപത്തിനില്ലെന്നു വിഎസ്
തിരുവനന്തപുരം:മുഖ്യമന്ത്രിപദത്തിന്റെ പേരില്‍ കലാപത്തിനില്ലെന്നും താന്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ലെന്ന് തന്നെകുറിച്ചറിയുന്ന വ്യക്തികള്‍ക്കറിയാമെന്നും തുറന്നടിച്ച് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി നേതൃത്വം വാഗ്ദാനം ചെയ്ത പ്രത്യേക പദവി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുളള തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയ്ക്കു നന്ദി പറയാനുളള സമയമാണിതെന്നും വിഎസ് മാധ്യമമപ്രവര്‍ത്തകരോട് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വിഎസ് എന്തുപറയും എന്നതാണ് പാര്‍ട്ടി നേതൃത്വം ഉറ്റുനോക്കിയിരുന്നത്.പ്രതിപക്ഷ നേതാവ് എന്ന നിലയിലുളള തന്റെ പ്രവര്‍ത്തനവും യുഡിഎഫ് സര്‍ക്കാരിന്റെ കോട്ടങ്ങളുമാണ് വിഎസ് ഈ വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയത്. ആരോഗ്യക്കുറവുണ്ടോ എന്ന ചോദ്യത്തിന് വി എസ് ആദ്യം മറുപടി പറഞ്ഞില്ല. ആരോഗ്യക്കുറവുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ എന്ന തുടര്‍ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞത് അതിനൊന്നും മറുപടിപറയേണ്ട കാര്യമില്ലെന്നായിരുന്നു .

താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പാറശ്ശാല മുതല്‍ കണ്ണൂര്‍ വരെ പ്രചാരണം നടത്തിയത് ജനങ്ങള്‍ കണ്ടതാണെന്നും ചോദ്യത്തിനു മറുപടിയായി വിഎസ് കൂട്ടിച്ചേര്‍ത്തു. ജിഷവധം,സോളാര്‍ ,ബാര്‍ കോഴ തുടങ്ങിയവയിലെല്ലാം സുതാര്യമായ അന്വേഷണം വേണമെന്നും,കൊച്ചിമെട്രോയടക്കമുളള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നുമാണ് വിഎസ് വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും ഒഴിഞ്ഞാലും കേരളത്തിലെ ജനങ്ങളുടെ കാവലാളായി തിരുവനന്തപുരത്തു തുടരുമെന്നാണ് കഴിഞ്ഞ ദിവസം വിഎസ് പറഞ്ഞത്












Click it and Unblock the Notifications