''അത് ഇങ്ങോട്ടേക്ക് വേണ്ട, ആരുടെ മുന്നിലും ചെന്ന് കൈകൂപ്പി നിന്നിട്ടില്ല'', സുകുമാരൻ നായർക്ക് മറുപടി
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരിഹാസത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സുകുമാരന്‍ നായര്‍ നടത്തിയ പ്രതികരണത്തില്‍ മാപ്പ് പറയണമെന്ന് എകെ ബാലന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ബാലനൊക്കെ ആര് മറുപടി പറയുമെന്നും എകെ ബാലന്‍ ഒരു നുറുങ്ങ് തുണ്ടായി പോയിരിക്കുകയാണ് എന്നുമാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് എകെ ബാലന്റെ മറുപടി.
എകെ ബാലന്റെ വാക്കുകൾ: '' സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുകുമാരന്‍ നായരുടെ നിലപാടിനോട് കേരള പൊതുസമൂഹങ്ങളും മാധ്യമങ്ങളുമടക്കം യോജിക്കുന്നില്ല. ഒരു ഒറ്റപ്പെടലില്‍ അദ്ദേഹം അകപ്പെട്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് ചില പരാമര്‍ശങ്ങള്‍ നടത്തുന്നത്. വിശ്വാസികളെ കൂടെ നിര്‍ത്തിയുളള വഴിവിട്ട മാര്‍ഗത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നത്.

വ്യക്തിപരമായി അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല. ഗണപതി ഭഗവാനെ ആണ് ഇപ്പോള്‍ അദ്ദേഹം പിടിച്ചിരിക്കുന്നത്. ഗണപതി ആരാധനാ മൂര്‍ത്തിയായിട്ടുളള ഒരു അമ്പലം പാലക്കാടുണ്ട്. ചാത്തന്‍കുളം ഭഗവതി ക്ഷേത്രത്തിന്റെ 68 ഏക്കര്‍ സ്ഥലം അനധികൃതമായി എന്‍എസ്എസ് കൈവശം വെച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്.
ആദ്യം സുകുമാരന്‍ നായര്‍ ചെയ്യേണ്ടത് ആ ഗണപതി ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് അങ്ങ് കൊടുക്കുക. അങ്ങനെയെങ്കില്‍ അദ്ദേഹം പറയുന്നതിന് ന്യായമുണ്ട്. സുകുമാരന്‍ നായര്‍ സ്വന്തം സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ വിധിയുമായി ബന്ധപ്പെട്ട കാര്യം നടപ്പിലാക്കാന്‍ കഴിയുന്നുണ്ടോ. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോ. എന്‍എസ്എസിന്റെ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണോ. ഇതൊക്കെ നുറുങ്ങ് തുണ്ടുകളാണ് അദ്ദേഹത്തിന് മറുപടി പറയാനായി കൊടുക്കുന്നത്.
സ്പീക്കര്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയും മുറിവേല്‍പ്പിക്കാന്‍ വേണ്ടിയുളളതല്ല. പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ഉളളടക്കം ശാസ്ത്രീയവും യുക്തിബോധത്തില്‍ അധിഷ്ടിതമായിരിക്കണം എന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായിട്ടുളള കാര്യം തന്നെയാണ് സ്പീക്കര്‍ പറഞ്ഞത്. അതിനെ വളച്ചൊടിച്ച് ഭക്തജനങ്ങളെ രംഗത്ത് ഇറക്കാനായി വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളം ഉള്‍ക്കൊള്ളില്ല.
തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് കൊടുക്കരുത് എന്ന് അര്‍ത്ഥം വരുന്ന പരാമര്‍ശങ്ങളാണ്. അദ്ദേഹത്തിന്റെ മനസ്സിലുളളത് അന്നേ പ്രകടിപ്പിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. തനിക്ക് എന്തെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ അതുണ്ടാക്കിയത് ഇത്തരം ആളുകളുടെ കയ്യും കാലും പിടിച്ചിട്ടല്ല. കേരളത്തിലെ പിന്നോക്ക ജനതയുടെ അംഗീകാരത്തോടെ ഉണ്ടാക്കിയ മേല്‍വിലാസമാണ്.
അല്ലാതെ ഇവരുടെയൊക്കെ മുന്നില്‍ പോയി കൈ കൂപ്പി നിന്ന ചരിത്രം തനിക്കില്ല. താന്‍ പറയുന്നത് നുറുങ്ങ് വാക്കുകളാണ്, എകെ ബാലന്‍ പറയുന്നത് ആര് കേള്‍ക്കാനാണ് എന്ന് സുകുമാരന്‍ നായര്‍ ചോദിക്കുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് തനിക്ക് കൃത്യമായി അറിയാം. അത് ഇങ്ങോട്ടേക്ക് വേണ്ട എന്ന് മാത്രം സൂചിപ്പിക്കുന്നു. ബിജെപിയും ആര്‍എസ്എസും കയ്യില്‍ കിട്ടിയ സാധനം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അങ്ങനെയെങ്കില്‍ താന്‍ ആര്‍എസ്എസ് ആണെന്ന് പറയുക. ഇത് ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമായി പറയുമ്പോള്‍ അതാ സമുദായത്തിന് നിരക്കുന്ന കാര്യങ്ങളല്ല അദ്ദേഹത്തിന്റെ ചെയ്തികള്‍ എന്നും എകെ ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications