രാവിലെ മുതൽ പ്രഹസനമാണ്, കേരളത്തിൽ നിന്നുള്ളവരെ കയറ്റി വിടാത്തതിനെ ചൊല്ലി തർക്കമാണ്'; ലോറി ഉടമ മനാഫ് പറയുന്നു
വളരെ വേദനയോടെയാണ് ഷിരൂരിൽ തുടരുന്നതെന്ന് ലോറി ഉടമ മനാഫ്.
രാവിലെ മുതൽ പോലീസുകാരുടെ പ്രഹസനമാണ് നടക്കുന്നത്. കേരള സംഘത്തെ രക്ഷാപ്രവർത്തനത്തിൽ സഹകരിപ്പിക്കുന്നതിനെ ചൊല്ലി എന്നും തർക്കമാണ്. തനിക്ക് ലോറിയും തടിയുമൊന്നും വേണ്ട. അർജുനെ ജീവനോടെ തിരിച്ചുകിട്ടണമെന്ന് മാത്രമാണ് ആഗ്രഹമെന്നും മനാഫ് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'രാവിലെ വന്ന് പോലീസുകാർ അവരുടെ അധികാരം കാണിക്കും. ഇത്ര ദിവസമായി ഇവിടെ രക്ഷാപ്രവർത്തനത്തിന് നിൽക്കുന്നു. എന്നാൽ എന്നും രാവിലെ ഇവിടേക്ക് വരുമ്പോൾ കയറ്റി വിടില്ല. അടിപിടി ഉണ്ടാക്കിയിട്ടാണ് എന്നും ആളെ കയറ്റുക. ഇന്നും രാവിലെ തർക്കമായിരുന്നു. രാഷ്ട്രീയക്കാരയൊക്കെ ഇപ്പോഴാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെയൊക്കെ നാടകമാണ് ഇന്നലെ നടന്നത്. അർജുൻ കിടക്കുന്ന ഭാഗത്ത് അദ്ദേഹം കുറച്ച് ദൂരം നടന്നു. ഒന്നരമണിക്കൂറാണ് വെറുതെ സമയം കളഞ്ഞത്.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അവർ കൂടുതൽ മെഷിനറികൾ ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. മണ്ണ് കൊണ്ടുപോകുന്ന വണ്ടികൾ പലതും കേട് വന്നിരിക്കുകയാണ്. അതുകൊണ്ട് മണ്ണ് കൊണ്ടുപോകാൻ സാധിക്കുന്നില്ല. കേരളത്തിലായിരുന്നുവെങ്കിൽ ഇപ്പോൾ എല്ലാ ലോറിക്കാരും ഇവിടെ ഉണ്ടായേനെ. ഇവിടെ അതല്ല സ്ഥിതി.
പുഴയിൽ നാവിക സംഘം തിരച്ചിൽ നടത്തുന്നുണ്ട്. നടത്തട്ടെ അതിലൊന്നും തടസമില്ല. എല്ലാ സാധ്യതകളും പരിശോധിക്കണം. എന്നാൽ പുഴയിൽ ഉണ്ടെങ്കിൽ തന്നെ പ്രതീക്ഷയില്ല. കാരണം കുത്തിമറിഞ്ഞൊഴുകുന്ന പുഴയാണ്. ഒന്നും കണ്ടെത്താൻ ആകില്ല. എനിക്കൊപ്പം സഹോദരങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്. ഈ സമയത്തിനിടയിലും ഞങ്ങൾ വണ്ടിയെടുത്ത് സമീപ ഗ്രാമങ്ങളിൽ പോയി നോക്കിയിട്ടുണ്ട്. അവിടെയൊന്നും തടിയുടെ ഒരു കഷ്ണം പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. 400 കഷ്ണം തടിയുണ്ട് ആ ലോറിയിൽ.
തുടക്കം മുതൽ ഞങ്ങൾ ആവശ്യപ്പെടുന്നത് ഇപ്പോൾ മണ്ണെടുക്കുന്ന സ്ഥലത്തിന് എതിർവശത്ത് സമാന്തരമായി മണ്ണ് എടുക്കണമെന്നാണ്. എന്നാൽ ഇപ്പോൾ എടുക്കുന്ന സ്ഥലത്തെ മണ്ണ് അവിടേക്കാണ് ഇവർ ഇട്ടത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിലെ ഗോൾഡൻ ടൈം നഷ്ടമായി.
കനത്ത മഴയിൽ കുറെ ദിവസമായി ഇവിടെ തുടരുന്നു. കടുത്ത പനിയാണ്. ഇഞ്ചക്ഷൻ അടിച്ചിട്ടാണ് ഇവിടെ നിൽക്കുന്നത്. വണ്ടിയും മരവും ഒന്നും നമ്മുക്ക് ആവശ്യമില്ല, ഇവനെ എങ്ങനെയെങ്കിലും ജീവനോടെ വീട്ടിലെത്തിക്കണം എന്ന് മാത്രമേ ഉള്ളൂ', മനാഫ് പറഞ്ഞു.
അർജുനായുള്ള രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വണ്ടി പുഴയിലേക്ക് പോയിട്ടില്ലെന്ന് തന്നെയാണ് സൈന്യത്തിന്റേയും നിഗമനം. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് പൂർണമായും പരിശോധിക്കും. ഇവിടെ ഒന്നും കണ്ടെത്താനായില്ലെങ്കിലായിരിക്കും പുഴയിൽ മൺകൂന രൂപപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുക.












Click it and Unblock the Notifications