കണ്ണന്‍ ഐഎഎസിനെ കശ്മീര്‍ അസ്വസ്ഥനാക്കി; രാജിക്ക് കാരണം... ജനങ്ങള്‍ക്ക് നീതി നിഷേധിക്കാമോ?
തിരുവനന്തപുരം: മലയാളിയായ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്റെ രാജിയിലേക്ക് നയിച്ച കാരണം എന്ത് എന്ന ചോദ്യം കഴിഞ്ഞദിവസം മുതല്‍ വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. ചുറ്റുപാടും കാണുന്ന അസ്വസ്ഥതയുളവാക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശം നിഷേധിച്ചത് രാജിക്കുള്ള ഒരു കാരണമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്റ് നാഗര്‍ ഹാവേലിയിലെ സര്‍ക്കാര്‍ വകുപ്പില്‍ സെക്രട്ടറിയാണ് കണ്ണന്‍ ഗോപിനാഥന്‍. പ്രളയകാലത്ത് ആരുമറിയാതെ കൊച്ചിയില്‍ സേവനപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഇദ്ദേഹം ഐഎഎസുകാരനാണ് എന്നറിഞ്ഞ മലയാളി ആശ്ചര്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍....

വ്യത്യസ്തനായ ഐഎഎസുകാരന്‍
ദാദ്ര ആന്റ് നാഗര്‍ ഹാവേലിയിലെ നഷ്ടത്തിലായിരുന്ന വൈദ്യുതി വിതരണ ശൃംഖല വന്‍ ലാഭത്തിലേക്ക് എത്തിച്ച ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ പ്രളയകാലത്ത് ആരുമറിയാതെ കൊച്ചിയില്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കണ്ണന്‍ ഐഎഎസിന്റെ ചുമടെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സര്‍വീസ് ചട്ടങ്ങള്‍ തടസം
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് രാജികത്ത് നല്‍കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസമാകുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കണ്ണന്‍ ഗോപിനാഥന്‍.

കശ്മീര്‍ വിഷയത്തിലെ നിലപാട്
20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

സേവനത്തിനും നോട്ടീസ്
2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. മിസോറാമില്‍ ഇദ്ദേഹം കളക്ടറായിരുന്ന വേളയില്‍ കായിക മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രളയകാലത്ത് കേരളത്തില്‍ ചുമടെടുത്ത സംഭവത്തില്‍ ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. ഔദ്യോഗിക പദവിയും ചട്ടങ്ങളും സ്വതന്ത്രമായി അഭിപ്രായം പറയുന്നതിന് തടസമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അസ്വസ്ഥമാകുന്ന സുമനസ്സ്
രാജിവച്ചതോടെ തനിക്ക് മറ്റു ഉത്തരവാദിത്തങ്ങളില്ല. ഒട്ടേറെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഐഎഎസ് ലഭിക്കുന്നതിന് മുമ്പ് സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുക്കുമായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും മൂന്ന് മാസം വരെ സര്‍വീസില്‍ തുടരേണ്ടിവരും. അതിന് ശേഷം എന്താണ് പ്ലാന്‍ എന്ന ചോദ്യത്തിന്, ഇപ്പോള്‍ തന്റെ മുന്നില്‍ വലിയ പദ്ധതികളൊന്നുമില്ലെന്നായിരുന്നു മറുപടി.












Click it and Unblock the Notifications