'ചാണ്ടി ഉമ്മൻ ജയിച്ചാൽ ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ വോട്ടു ചെയ്യാമല്ലോ'; പരിഹസിച്ച് എംവി ജയരാജൻ
കോട്ടയം: ബൂത്ത് മാറ്റം സംബന്ധിച്ച പ്രസ്താവനയില്‍ പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ പരിഹസിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്തുള്ള ബൂത്തിൽ പോയി വോട്ട് ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.
'ചാണ്ടി ഉമ്മൻ ജയിച്ചാൽ ഒരു ഗുണമുണ്ട് ഒരു വോട്ടര്‍ക്ക് ബൂത്തില്‍ വരി ഉണ്ടെങ്കില്‍ അടുത്ത ബൂത്തില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയും. നല്ലൊരു ആശയമാണെങ്കിലും തിരക്കില്ലാത്ത ഹോട്ടലില്‍ പോകുന്നത് പോലെ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല അത്. നിയമമാക്കേണ്ടതുണ്ട്.

ബി ജെ പി വോട്ട് മറിച്ചില്ലെങ്കില്‍ ജെയ്ക്ക് സി തോമസ് പുതുപ്പള്ളിയില്‍ ജയിക്കും.സർവ്വേകളിൽ വിശ്വാസമില്ല 2016 ൽ ഇടതുപക്ഷത്തിന് എതിരായിരുന്നു എക്സിറ്റ് പോൾ. എന്നിട്ടും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു. 2021 ൽ എല്ലാവരും കരുതിയത് യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. എന്നാൽ എന്ത് സംഭവിച്ചു. അതുകൊണ്ട് ഞങ്ങൾക്ക് ഉറപ്പുണ്ട്. ബി ജെ പി വോട്ട് മറിച്ചില്ലെങ്കിൽ ജെയ്ക്ക് വിജയിക്കും.
ബി ജെ പി വോട്ട് കോണ്‍ഗ്രസിന് മറിക്കാനുള്ള സാധ്യത അവിടെ ഉണ്ട്. അതുകൊണ്ടാണ് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന അവരുടെ അവകാശവാദം ഇതിന്റെ അടിസ്ഥാനത്തിലാണ്. 15,000ത്തോളം വരുന്ന ബി ജെ പിയുടെ വോട്ട് കോൺഗ്രസിന് വിലക്കെടുക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല.
കാരണം, പുതുപ്പള്ളിയും കിടങ്ങൂരും തമ്മിൽ അധികം ദൂരമില്ല. ഈ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമാണ് ഓഗസ്റ്റ് 14ന് ബി ജെ പിയുടെ പഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസിന്റെ പ്രസിഡന്റിനും കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങൾ ബി ജെ പിയുടെ വൈസ് പ്രസിഡന്റിനും വോട്ട് ചെയ്തത്.എല്ലാ വർഗീയ കക്ഷികളും ഇപ്പോൾ യുഡിഎഫ് കൂടാരത്തിലാണ്', ജയരാജൻ പറഞ്ഞു. ചാണ്ടി ഉമ്മന് 40,000 വോട്ടിന്റെ ഭൂരിപക്ഷം വരെ പ്രവചിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് സ്വപ്നം കാണുന്നതിന് ആർക്കും വിഷമമില്ലല്ലോയെന്നായിരുന്നു ജയരാജന്റെ മറുപടി. വെള്ളിയാഴ്ചയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം.












Click it and Unblock the Notifications