ജമ്മു കശ്മീരില്‍ 23 മുതല്‍ മഞ്ഞുവീഴ്ച്ച, കേരളത്തിലും തമിഴ്‌നാട്ടിലും നാളെ മുതല്‍ കനത്ത മഴ
ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ നാളെയും തുടരും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പെയ്ത ശക്തമായ മഴയില്‍ കേരളത്തില്‍ മുപ്പത് പേരുടെ ജീവനാണ് കേരളത്തില്‍ നഷ്ടമായത്. ഉത്തരാഖണ്ഡില്‍ 35 പേരും മരിച്ചു. അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ പതിനൊന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ നാളെ പെയ്യുമെന്ന് മുന്നറിയിപ്പുള്ളത്. മറ്റന്നാള്‍ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

കേരളത്തില്‍ 24 മണിക്കൂര്‍ ഇരുപത് സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. റെഡ് അലര്‍ട്ട് ഉണ്ടെങ്കില്‍ കേരളത്തില്‍ 20 സെന്റിമീറ്ററില്‍ അധികം മഴ ലഭിക്കും. യെല്ലോ അലര്‍ട്ട് ഉണ്ടായാല്‍ ആറ് മുതല്‍ പതിനൊന്ന് സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. കേരളത്തിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പലതും തുറന്നിരിക്കുകയാണ്. പത്തോളം ഡാമുകളാണ് തുറന്നത്. ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി, ഡാമുകള്‍ തുറന്ന് കഴിഞ്ഞു. ഡാമിന് സമീപത്ത് താമസിക്കുന്ന ആളുകളോട് മാറി താമസിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശമുണ്ട്. ആലപ്പുഴയിലും പത്തനംതിട്ടയിലുമടക്കം ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലും മാഹിയിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ അടുത്ത രണ്ട് ദിവസങ്ങളിലും തുടരും. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ മഴയുണ്ടാവും. ഉത്തരാഖണ്ഡില്‍ അടുത്ത രണ്ട് ദിവസത്തേക്ക് മഴയുടെ ശക്തി കുറയും. എന്നാല്‍ 22 മുതല്‍ പശ്ചിമ ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ മാറ്റം മഴയെ ശക്തിപ്പെടുത്തും. ജമ്മുകശ്മീരിലും ഒറ്റപ്പെട്ടതോ ശക്തമായതോ മഴയുണ്ടാവും. 22നും 23നും ഹിമാചല്‍ പ്രദേശിലും നേരിയ മഴ ലഭിക്കും. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 23 ഒറ്റപ്പെട്ട മഴയുണ്ടാവും. ബീഹാറിലും സമീപപ്രദേശങ്ങളിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
വടക്കുകിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴയുണ്ടാവും. നാളെ വരെ ഈ മഴ തുടരും. ഒഡീഷയിലും ജാര്‍ഖണ്ഡിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലോടും കൂടി ശക്തമായ മഴ തന്നെയുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ബംഗാളില്‍ ഇന്നും നാളെയും, ബീഹാറില്‍ നാളെയുമാണ് ശക്തമായ മഴയുണ്ടാവുക. അസമിലും മേഘാലയയിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്താന്‍ സാധ്യതയുള്ളത്. സിക്കിമിലും ചില മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കാം. അതേസമയം ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നൈനിറ്റാളിലെ റിസോര്‍ട്ടില്‍ 200 പേര്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ദുരന്ത നിവാരണ സേനയെ കൂടാതെ കര-വ്യോമസേനകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. നൈനിറ്റാളില്‍ മാത്രം 16 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസമായി അതിശക്തമായ മഴയാണ് ഉത്തരാഖണ്ഡിലുണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇത് അതിതീവ്ര മഴയായി മാറുകയായിരുന്നു മേഘവിസ്‌ഫോടനം കൂടി വന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം വലിയ ദുരന്തത്തിന് കാരണമായത്. നൈനിറ്റാള്‍ ശരിക്കും ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്ന് പ്രധാന പാതകളിലെല്ലാം മണ്ണും പാറയും ഇടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ടിരിക്കുകയാണ്.
ചമ്പാവത്, അല്‍മോര, ഉദ്ധംസിംഗ് നഗര്‍, ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് രക്ഷിക്കാനാവാത്ത വിധം 200 പേര്‍ നൈനിറ്റാളിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെയാണ് രക്ഷപ്പെടുത്തിയത്. കരസേനയും വ്യോമസേനയും അടക്കം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. സംസ്ഥാനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പും പറയുന്നു. ബദരീനാഥിലും ജോഷിമഠിലുമായി തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുള്ളത്.












Click it and Unblock the Notifications