1927 ൽ റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജി വന്നിറങ്ങി; അതുല്യനിമിഷത്തിന്റെ ഓർമക്കുറിപ്പ് കാത്തുസൂക്ഷിച്ച് നീലേശ്വരം
രാജ്യം ആഗസ്റ്റ് 15 ന് 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അഭിമാനപൂർവം കാസർഗോഡ് ജില്ലയ്ക്കും പങ്കുവെയ്ക്കാനുണ്ട് ഒരു ചരിത്രം. മഹാത്മാഗാന്ധിയുടെ കാൽപ്പാട് പതിഞ്ഞ മണ്ണാണ് കാസർഗോഡ് ജില്ലയിലെ നീലേശ്വരം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി മഹത് വ്യക്തികൾക്ക് ഈ നാട് ജന്മം നൽകിയിട്ടുണ്ട്.
കവിയും ഗായകനുമായ വിദ്വാൻ കേളു നായർ, കെ ആർ കണ്ണൻ, മുൻ ആരോഗ്യമന്ത്രി എൻ കെ ബാലകൃഷ്ണൻ എന്നിവരുടെ ജന്മസ്ഥലമാണിത്. ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധി ഈ നാട് സന്ദർശിച്ചപ്പോൾ നീലേശ്വരത്തിൻ്റെ അഭിമാനം ഇരട്ടിയായി.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1927 ഒക്ടോബർ 26 ന് തീവണ്ടിയിൽ മംഗലാപുരത്തേക്ക് പോകുന്ന വഴിയാണ് ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ഗാന്ധിജിയെ സ്വീകരിക്കാനായി വിദ്വാൻ കേളുനായരും, നീലേശ്വരം രാജാസ് ഹൈസ്കൂളിലെ പ്രധാനധ്യാപകൻ രാമകൃഷ്ണ റാവവും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒക്കെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തി.
തന്റെ വരവ് കാത്തുനിന്ന ആ മനുഷ്യരോട് ഗാന്ധിജി സംവദിക്കുകയും ഒരു ബുക്കിൽ തന്റെ കൈപ്പടയിൽ ഒരു സന്ദേശം കുറിച്ചിടുകയും ചെയ്തു. ആ കുറിപ്പ് ഇന്നും രാജാസ് സ്കൂളിലെ ഓഫീസ് റൂമിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. നീലേശ്വരം റെയിൽ വേ സ്റ്റേഷനിൽ ചെന്നാലും കാണാം ഗാന്ധിജിയുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്മൃതി മണ്ഡപവും ഗാന്ധിജി കുറിച്ചിട്ട വാക്കുകളും.

ഇംഗ്ലീഷിലായിരുന്നു ഗാന്ധിജി ആ സന്ദേശം എഴുതിയത്. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ആ കുറിപ്പിൽ ഖാദിക്കായി പ്രചാരണം നടത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഗാന്ധിജിയുടെ സന്ദർശനം നീലേശ്വരം പ്രദേശത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് കൂടുതൽ ഊർജം നൽകി. ഗാന്ധിജി ഈ പ്രദേശം സന്ദർശിച്ചതിന് അടയാളമായി രാജാസ് സ്കൂളിൽ അദ്ദേഹത്തിന്റെ കൈപ്പടയിൽ ഉള്ള കുറിപ്പ് നിധി പോലെ ഇന്നും സൂക്ഷിക്കുന്നു.
രാജാസ് സ്കൂൾ മാത്രമല്ല, പടിഞ്ഞാറ്റംകൊഴുവിലെ അരയാൽ തറയും സ്വാതന്ത്ര്യ സമരങ്ങളുടെ കേന്ദ്രമായിരുന്നു. ഗാന്ധിജിയുടെ ഓർമയ്ക്കായി അരയാൽ തറയ്ക്ക് സമീപം ഗാന്ധി സമൃതി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. 1998 നവംബർ 11 ന് ആണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ആണ് സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നീലേശ്വരത്ത് എങ്ങോട്ട് തിരിഞ്ഞാലും മഹാത്മ ഗാന്ധിയുടെ ഓർമയുണ്ട്.












Click it and Unblock the Notifications