'വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണം'; സിപിഎം നയരേഖ പുറത്ത് വിട്ട് പിണറായി വിജയൻ
കൊച്ചി: സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്ന് സിപിഎം നയരേഖ. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടു വരണമെന്നും നയരേഖയിൽ വ്യക്തമാക്കുന്നു.
സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നയരേഖയുടെ പകർപ്പ് അവതരിപ്പിച്ചത്.
അതേസമയം, വരുന്ന കാൽ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാർട്ടിയുടെ നയമാണ് ഈ രേഖകൾ. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഉദാര സമീപനമാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്നത്. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നേരത്തെ പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷമാണ് കേരള വികസനം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ, 37 വർഷം മുമ്പ് എം.വി. രാഘവൻ ഇത്തരത്തിൽ ഒരു ബദൽ രേഖ അവതരിപ്പിച്ചിരുന്നു. എറണാകുളമായിരുന്നു ഇതിന് വേദി ഒരുങ്ങിയിരുന്നത്.
സ്വകാര്യ നിക്ഷേപം. വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പാര്‍ട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയം മാറ്റത്തിനുളള തുടക്കമാകും മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയെന്നാണ് സൂചന. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്‍റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍ സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് സിപിഎം കേരള ഘടകത്തിന്‍റെ നയരേഖ പുറത്തു വരുന്നത്.
അതേസമയം, സിഐടിയുവിനെതിരെ രൂക്ഷ വിമർശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡിവൈഎഫ്ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം, ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. വലതുപക്ഷം ഇതിനായി ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
വലതുപക്ഷം വര്‍ഗീയ ധ്രുവീകരമാണ് ലക്ഷ്യം ഇടുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായി ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയവർ ശ്രമിക്കുന്നു. ഇടതുപക്ഷം കേരളം ഭരിക്കുന്നതിനാലാണ് ഈ ശ്രമങ്ങൾ നടക്കുന്നത്. ഹിന്ദുത്വമുയര്‍ത്തി ആര്‍ എസ് എസ് ശക്തമായ വേര്‍തിരിവാണ് സൃഷ്ടിക്കുന്നത്. ആര്‍ എസ് എസ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം നടന്നിരുന്നത്. - കോടിയേരി വ്യക്തമാക്കി.
അതേസമയം, മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. എസ് ഡി പി ഐയും ആയുധ പരിശീലനം നടത്തുന്നു. വര്‍ഗീയ വേര്‍തിരിവിന്റെ ബൗദ്ധിക കേന്ദ്രമായി ജമാഅത്തെ ഇസ്ലാമിയാണ് പ്രവര്‍ത്തിക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ ജനങ്ങൾ അണിനിരക്കണം.
എ ബി വാജ്പയ് സര്‍ക്കാറിന് തുടര്‍ ഭരണം സാധ്യമാകാത്തതില്‍ 2004 ലെ ഇടതുപക്ഷത്തിന്റെ വിജയത്തിന് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കിയാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പിന്തള്ളാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. കേരളത്തിലെ 20 സീറ്റില്‍ അന്ന് 19 സീറ്റും യുഡിഎഫ് ആണ് ജയിച്ചത്. പക്ഷേ, കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷമാവാന്‍ പോലും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications