ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു; അഡ്‌ഹോക് കമ്മിറ്റി നിയന്ത്രിക്കും
കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയാണ് പിരിച്ചുവിട്ടത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് അവസാനിച്ചിരുന്നു. പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്നോടിയായി അംഗത്വ കാമ്പയിന്‍ തുടങ്ങാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം കാരണം നടപടികള്‍ കൃത്യമായി നടന്നില്ല. അതിനിടെയാണ് ദേശീയ കൗണ്‍സില്‍ ചേര്‍ന്ന് പുതിയ തീരുമാനം കൈകൊണ്ടത്.

ഇനി അഡ്‌ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ ആണ് ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍. വരുന്ന മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതി നിലവില്‍ വരണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക അഡ്‌ഹോക് കമ്മിറ്റി ആയിരിക്കും. അംഗത്വ കാമ്പയിന്‍, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ പൂര്‍ത്തിയാക്കുകയാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ദൗത്യം. ദേശീയ ഉപാധ്യക്ഷന്‍ കെഎസ് ഫക്രുദ്ദീന്‍, ദേശീയ ട്രഷറര്‍ എഎ അമീന്‍, പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റി അധ്യക്ഷന്‍ എപി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എംഎം മാഹീന്‍ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ അംഗങ്ങള്‍.
ഐഎന്‍എല്ലില്‍ ചേരിപ്പോര് രൂക്ഷമാണ്. അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തിലാണ് ഇന്നത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്. പ്രസിഡന്റ് അബ്ദുല്‍ വഹാബ് യോഗത്തില്‍ പങ്കെടുത്തില്ല. ഭിന്നത തുടര്‍ന്നാല്‍ മുന്നണിയില്‍ തുടരാന്‍ അവസരം ലഭിച്ചേക്കില്ല എന്ന് നേരത്തെ തര്‍ക്കമുണ്ടായ വേളയില്‍ എല്‍ഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊച്ചിയില്‍ സംസ്ഥാന നേതൃ യോഗം പരസ്യമായ ഏറ്റുമുട്ടലിലെത്തിയ സാഹചര്യത്തിലായിരുന്നു എല്‍ഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഭിന്നത പരിഹരിച്ചിരുന്നു. എന്നാല്‍ സമവായ നീക്കങ്ങള്‍ പൂര്‍ണമായി വിജയിച്ചിരുന്നില്ല. പ്രധാന പ്രശ്‌നങ്ങളില്‍ തര്‍ക്കം തുടരുകയായിരുന്നു. കാസിം ഇരിക്കൂര്‍ പക്ഷമാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്ന് മറുഭാഗം ആരോപിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഐഎന്‍എല്‍ പിളര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications