എഐ ക്യാമറയെ കബളിപ്പിക്കാന്‍ നോക്കേണ്ട; കുടുക്കാന്‍ പുതിയ 'കെണി'യുമായി എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളെ കബളിപ്പിച്ച് ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ സംവിധാനം. മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ ഇന്റര്‍സെപ്റ്റര്‍ വാഹനം സംസ്ഥാനത്ത് ഓടിത്തുടങ്ങി. സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാല് വാഹനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഓടിത്തുടങ്ങിയത്.
അമിത വേഗത്തില്‍ വാഹനങ്ങള്‍ സ്ഥിരമായി ഓടുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുമായി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുക. സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറല്‍ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നുവോ അതേ മാതൃകയില്‍ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ പ്രവര്‍ത്തിക്കുക. റോഡുകളുടെ വിഭാഗങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങള്‍ക്ക് ഓടാവുന്ന വേഗത പുതുക്കി നിര്‍ണയിച്ചിട്ടുണ്ട്. ഇത് കണക്കാക്കിയാണ് പിഴ ഈടാക്കുക.

റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ട ശേഷം മറ്റ് വാഹനങ്ങളെ നിരീക്ഷിക്കുകയാണ് ചെയ്യുക. വേഗ പരിധി കഴിഞ്ഞ വാഹനങ്ങള്‍ തടഞ്ഞ് നേരിട്ട് പിഴയീടാക്കില്ല. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമില്‍ കൈമാറും. അതിന് ശേഷം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് വാഹനയുടമയ്ക്ക് ഇ-ചലാനും നോട്ടീസും നല്‍കുക.
സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറകളുടെ അടുത്ത് എത്തുമ്പോള്‍ വേഗത കുറയ്ക്കുകയും പിന്നീട് വേഗത കൂട്ടുകയും ചെയ്യുന്ന വാഹനങ്ങളുണ്ട്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുതിയ വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്. ക്യാമറകളില്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണ് വാഹനങ്ങള്‍ നിലയുറപ്പിക്കുക.
അതേസമയം, സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഈ മാസം ഒന്ന് മുതലാണ് നിലവില്‍ വന്നത്. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്.












Click it and Unblock the Notifications