കൊച്ചിയേക്കാള്‍ മികച്ച ലുലു മാള്‍ കോട്ടയത്തേതോ? വന്‍ സജ്ജീകരണങ്ങള്‍, ആളുകള്‍ ഒഴികെയെത്തുന്നു; മന്ത്രി പറഞ്ഞത്
കേരളത്തിലെ അഞ്ചാമത്തെ ലുലു മാള്‍ അടുത്തിടെയാണ് കോട്ടയത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആദ്യ ദിവസം മുതല്‍ തന്നെ കോട്ടയം നിവാസികള്‍ മാളിന് മികച്ച വരവേല്‍പ്പ് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് ലുലുവിന്റെ വക പ്രത്യേക ഓഫർ കൂടിയായതും തിരക്ക് വർധിപ്പിക്കാനിടയാക്കി. കൊച്ചിയിലേതും തിരുവനന്തപുരത്തേതും പോലെ വലിയ മാള്‍ അല്ല കോട്ടയത്തേതെങ്കിലും പല കാര്യങ്ങളിലും അവയെ മറികടക്കുന്ന സജ്ജീകരണങ്ങളാണ് കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി വിഎന്‍ വാസവന്‍ ഇക്കാര്യം എടുത്ത് പറഞ്ഞു.
അക്ഷരി നഗരി ഏറെ പ്രതീക്ഷിച്ച ഒരു ബിസിനസ് സംരഭമാണ് ലുലു. നമ്മുടെ രാജ്യം ആഗോളതലത്തില്‍ സംഭാവന ചെയ്ത ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപടുത്ത ചക്രവർത്തിയായി മാറിയിരിക്കുകയാണ് എംഎ യൂസഫലി. മികച്ച ക്വാളിറ്റി, മിതമായ വില, മികച്ച സേവനം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം കോട്ടയത്തിന് ഉറപ്പ് നല്‍കുന്നത്. യൂസഫലിയോടുള്ള അക്ഷരനഗരിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും വാസവന്‍ പറഞ്ഞു.

കോട്ടയത്തെക്കുറിച്ച് അദ്ദേഹം നന്നായി പഠിച്ചിട്ടുണ്ട്. അക്ഷര നഗരി എന്താണെന്ന് അദ്ദേഹം തന്റെ വാക്കുകളിലൂടെ വരച്ചുകാട്ടി. അക്ഷരങ്ങളുടെ ആവിർഭാവം കോട്ടയത്ത് നിന്നാണ്. 1821 ബെഞ്ചമിന്‍ ബെയ്ലി സ്ഥാപിച്ച പ്രസ്, 1846 ല്‍ വിശുദ്ധ ചാവറയച്ചന്‍ സ്ഥാപിച്ച പ്രസ്, ആദ്യമായി ആരംഭിച്ച പ്രസ് എന്നിവയെല്ലാം കോട്ടയത്താണ്. അതുപോലെ മാധ്യമങ്ങളുടെ ആസ്ഥാനവും സംമ്പൂർണ്ണ സാക്ഷരത കൈവരിച്ച നഗരവും കോട്ടയമാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും അക്ഷരനഗരി എന്ന പ്രയോഗം കോട്ടയത്തിന് സ്വന്തമാണ്.
തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയുടെ കാരണങ്ങളും എംഎ യൂസഫലി സൂചിപ്പിച്ചു. കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ യാതൊരു തരത്തിലും നിയമവിരുദ്ധമായി പണം സമ്പാദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പണമുണ്ടാക്കാനായി സർക്കാറിനെയോ ഉപഭോക്താക്കളേയോ പറ്റിക്കരുത്. ഗുണനിലവാരുമുള്ള സാധനങ്ങള്‍ മാത്രമേ ഏതൊരു വ്യക്തിക്കും കൊടുക്കാന്‍ പാടുള്ളുവെന്നും യൂസഫലി വ്യക്തമാക്കുന്നുണ്ട്. ഈ നിലപാടുകള്‍ അങ്ങേയറ്റം അഭിനന്ദനാർഹമാണ്. അതാണ് ഒരു ബിസിനസിന്റെ വളർച്ചയുടേയും ഉയർച്ചയുടേയും രഹസ്യം.
ഏത് ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും അതിന്റെ ക്വാളിറ്റിയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഈ മാള്‍ നടന്ന കണ്ടപ്പോഴാണ് ക്വാളിറ്റിയുടെ പ്രാധാന്യം എനിക്ക് മനസ്സിലായത്. അദ്ദേഹത്തിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും മറ്റും ലുലു മാളുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ കുറേക്കൂടി മെച്ചപ്പെട്ടതാണ് കോട്ടയം ലുലു മാള്‍ എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. കോട്ടയത്തുകാരെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് മാള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ആധുനിക സംവിധാനങ്ങള്‍ പൂർണ്ണമായും ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നു. അതിനുള്ള പ്രത്യേക നന്ദിയും അറിയിരിക്കുകയാണ്. ഒരോ ഉത്പന്നങ്ങളുടേയും മേന്മ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. മാളിലെത്തുന്ന ഓരോ വ്യക്തിക്കും അത് മനസ്സിലാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് നിന്നും ഉണ്ടാകുന്ന മേന്മയില്‍ നിന്നും നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് മാറ്റിവെച്ച് സഹജീവികളെ കൈപിടിച്ചുയർത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും വിഎന്‍ വാസവന്‍ കൂട്ടിച്ചേർത്തു.
മനുഷ്യന്‍ മനുഷ്യസ്നേഹത്തിന് വേണ്ടി യാചിക്കുന്ന സന്ദർഭങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശം കൂടി അദ്ദേഹത്തിന്റെ ബിസിനസ് ലോകത്തുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തിനുള്ള നിവേദനവുമായി ഞങ്ങളുടെ മുന്‍പില്‍ എത്തിയെന്നുള്ളത്. നിരവധിയാളുകള്‍ക്ക് അദ്ദേഹം സഹായം ചെയ്തുവരുന്നു. ഉന്നതമായ സാമൂഹിക ബോധത്തിന്റേയും ഉദാത്തമായ മനുഷ്യസ്നേഹത്തിന്റേയും ഏറ്റവും മികച്ച ഉദാഹരണമാണ് എംഎ യൂസഫലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications