സുരേഷ് ഗോപിയുടെ ഉന്നം പാർവതി തിരുവോത്തോ? 'അതൊക്കെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി', നടൻ പറഞ്ഞത്..ചർച്ച
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് റിമ കല്ലിങ്കൽ അടക്കമുള്ള നടിമാർ സംഘടനയിൽ നിന്നും രാജിവെച്ചത്. സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമർത്തിന് പിന്നാലെയായിരുന്ന നടി പാർവ്വതി തിരുവോത്ത് സംഘടന വിട്ടത് രാജിക്ക് പിന്നാലെ നടിമാർ അതിശക്തമായ ഭാഷയിൽ തന്നെ സംഘടനയ്ക്കെതിരെ പ്രതികരിച്ചിരുന്നു.
അമ്മ എന്നല്ല, എ എം എം എ എന്നാണ് സംഘടനയെ വിളിക്കേണ്ടതെന്നായിരുന്നു അന്ന് നടിമാർ തുറന്നടിച്ചത്. പിന്നീടിങ്ങോട്ട് മാധ്യമങ്ങൾ അടക്കം ഈ രീതിയിലായിരുന്നു സംഘടനയെ വിശേഷിപ്പിച്ചത്. അതേസമയം ഇപ്പോഴിതാ അടുത്തിടെ ഇത് സംബന്ധിച്ച് പാർവ്വതി നടത്തിയൊരു പ്രതികരണവും കഴിഞ്ഞ ദിവസം സംഘടനയുടെ കുടുംബ സംഗമത്തിനിടെ സുരേഷ് ഗോപി ഇതിന് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാർവതിയുടെ പേര് പരാമർശിക്കാതെയായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്.

പാർവ്വതി വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ നടത്തിയ പ്രതികരണം ഇങ്ങനെ-'എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ല.അസോസിയേഷനിൽ ഉണ്ടായിരുന്ന സമയത്ത് ഓരോ തവണയും ഞാനവിടെ പോകുമ്പോൾ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്നാണ് പറയുക, നമ്മുക്ക് ഓണമൊക്കെ ആഘോഷിച്ച്, നല്ല വസ്ത്രമൊക്കെ ഇട്ട് സന്തോഷത്തോടെ പോകാം എന്നാണ് നിലപാട്.
പഞ്ചായത്തിലൊക്കെ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. അതായത് ആരാണ് വരേണ്ടതെന്ന് എല്ലാവരോടും കൈ പൊക്കി കാണിക്കാൻ പറയും. ഉച്ചഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് അവരത് നടത്തുക. അപ്പോൾ പരമാവധി ആളുകൾ ഉണ്ടാകില്ലല്ലോ. ഒരു ഘട്ടം കഴിയുമ്പോൾ നമ്മുക്ക് ഇതൊക്കെ പ്രഹസനം ആയി തോന്നി. അതോടെയാണ് ഞാൻ സംഘടനയിൽ നിന്നും ഇറങ്ങിയത്', നടി പറഞ്ഞു.
അതേസമയം ഇതിനെ പരിഹസിച്ച് കൊണ്ടാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
'ആറ് മാസം മുൻപ് നമ്മൾ ഹൃദയം കൊണ്ട് വോട്ട് ചാർത്തിയ ഒരു സംഘമുണ്ട്. ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാൻ തിരച്ചുവരണം. മോഹൻലാൽ പറഞ്ഞത് പോലെ ചെറുപ്പക്കാർ സംഘടനയിൽ വന്നോട്ടെ . എന്നാൽ ശക്തരായ , ലോകത്തിന് മുൻപിൽ വിരിമാറ് കാട്ടി നിൽക്കാൻ ശേഷിയുള്ളവർ മുൻനിരയിൽ ഉണ്ടാകണം.
അമ്മ എന്ന സംഘടനയ്ക്ക് ഈ പേര് നൽകിയത് സ്വർഗീയനായ മുരളി ചേട്ടനാണ്. അത് അങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് ഞങ്ങൾ അനുസരിക്കില്ല. ഈ എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് എന്നത് അവൻമാരുടെ വീട്ടിൽ കൊണ്ടുവെച്ചാൽ മതി. ഞങ്ങൾക്ക് ഇത് അമ്മയാണ്', സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications