എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം; സൗമ്യയുടെ ഭര്‍ത്താവുമായി സംസാരിച്ച് ഇസ്രായേല്‍ പ്രസിഡന്റ്
തൊടുപുഴ: ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷുമായി ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ ടെലിഫോണില്‍ സംസാരിച്ചു. സന്തോഷ്, മകന്‍ അഡോണി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുമായും 15 മിനുട്ട് സംസാരിച്ച ഇസ്രായേല്‍ പ്രസിഡന്റ് സൗമ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥര്‍ സംഭാഷണത്തിന് ഇടനിലക്കാരനായി നിന്ന് വിവര്‍ത്തനം ചെയ്തു.

കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കി. സൗമ്യ മരിച്ച സ്ഥലം കാണണമെന്ന സന്തോഷിന്റെ താല്‍പ്പര്യം അദ്ദേഹം സ്വാഗതം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഇസ്രായേലിലേക്ക് വരാമെന്നും റിവ്‌ലിന്‍ പറഞ്ഞു.
മെയ് 11നാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ ഹോം നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്യുന്ന വീടിന് നേരെ ഗാസയില്‍ നിന്നുള്ള റോക്കറ്റ് പതിച്ചു. ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു ആ വേളയില്‍ സൗമ്യ. ആക്രമണം നടന്ന ഉടനെ തന്നെ അവര്‍ മരിച്ചു. മൃതദേഹം വിട്ടുകിട്ടണമെന്ന് കുടുംബത്തിന്റെ ആവശ്യം ഇസ്രായേല്‍ അംഗീകരിച്ചു. തുടര്‍ന്ന് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു.
ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലികുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ എത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ഇസ്രായേലിലെ അഷ്‌കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. 2017ലാണ് അവസാനമായി നാട്ടിലെത്തിയത്.












Click it and Unblock the Notifications