ജഹാംഗീർപുരി മോഡല്‍ ഗുജറാത്തിലും: ഹിമ്മന്ത്നഗറില്‍ കെട്ടിടങ്ങള്‍ ബുള്‍ഡോസർ ഉപയോഗിച്ച് പൊളിക്കുന്നു
അഹമ്മദാബാദ്: ദില്ലിയിലെ ജഹാംഗീർപുരിക്ക് സമാനമായി ഗുജറാത്തിലെ ഹിമ്മന്ത്നഗറിലും ബുള്‍ഡോസർ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നു. മുന്‍സിപ്പല്‍ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. കനത്ത പോലീസ് സുരക്ഷയോടെയാണ് പ്രദേശത്തെ അനധികൃത നിർമാണങ്ങൾ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുന്നത്. കഴിഞ്ഞയാഴ്ച ജഹാംഗീർപുരിയിൽ നടന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്ന അതേരീതിയിലാണ് ഹിമ്മത്നഗറിലേയും പൊളിക്കൽ നടപടി.
ഏപ്രിൽ 10 ന് രാമനവമി ആഘോഷത്തിനിടെ ഹിമ്മത്‌നഗർ പട്ടണത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പട്ടണത്തിലെ വൻസരവാസ് പ്രദേശത്ത് ആളുകള്‍ ചേരിതിരിഞ്ഞ് കല്ലുകളും പെട്രോൾ ബോംബുകളും എറിയുകയുണ്ടായി. ഈ പ്രദേശത്താണ് ഇപ്പോള്‍ പൊളിക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സമാധാനവും സുരക്ഷയും സാമൂഹിക സൗഹാർദ്ദവും നിലനിർത്താൻ സംസ്ഥാന സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും ഒരു കാരണവശാലും അതിന് തട്ടസ്സം നില്‍ക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നേരത്തെ വ്യക്തമാക്കിയത്. ഗുജറാത്ത് സമാധാനപരവും സുരക്ഷിതവും വികസിതവുമായ സംസ്ഥാനമാണെന്ന് രാജ്യമെമ്പാടും പ്രശസ്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സമാധാനവും സുരക്ഷയും സാമൂഹിക സൗഹാർദവും തകർക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ഉന്നതല യോഗത്തിൽ മുഖ്യമന്ത്രിയെ അറിയിച്ചു. സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ആഭ്യന്തര വകുപ്പും പോലീസും കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
അതേസമയം, രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി അല്‍പസമയം മുമ്പ് തള്ളി. അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. അനുവദിക്കാന്‍ കഴിയാത്ത ആവശ്യമാണ് ഇതെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം .
വടക്കുപടിഞ്ഞാറൻ ദില്ലിയില്‍ രൂപപ്പെട്ട നേരിയ വർഗീയ സംഘർഷത്തിന് പിന്നാലെയായിരുന്നു ബി ജെ പി ഭരിക്കുന്ന മുന്‍സിപ്പല്‍ കോർപ്പറേഷന്‍ കയ്യേറ്റ വിരുദ്ധ നീക്കമെന്ന പേരില്‍ ജഹാംഗീർപുരിയിലെ ഒരു പള്ളിക്ക് സമീപമുള്ള നിരവധി കോൺക്രീറ്റ്, താൽക്കാലിക കെട്ടിടങ്ങള്‍ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. എന്നാൽ പിന്നീട് പൊളിക്കല്‍ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്യുകയും മെയ് മാസത്തിൽ വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications