വിധി വന്നപ്പോഴെക്കും നന്ദി പ്രകടനം, ഫ്രാങ്കോയുടെ സ്വാധീനശക്തി കണ്ടില്ലേ: ജോമോന്‍ പുത്തന്‍പുരക്കല്‍
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് പൊതുപ്രവര്‍ത്തകനും അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ അംഗവുമായ ജോമോന്‍ പുത്തന്‍പുരക്കല്‍. കോടതി വിധി പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നന്ദി അറിയിച്ച് ജലന്ധര്‍ രൂപത കുറിപ്പ് പുറത്തുവിട്ടതില്‍ ദുരൂഹത ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നന്ദി അറിയിച്ചുള്ള കുറിപ്പ് മുന്‍കൂട്ടി തയ്യാറാക്കിയെന്നും വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ റിലീസ് ചെയ്യണമെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തന്നെ തയാറാക്കിയ കുറിപ്പ് ഇന്ന് രാവിലെ വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ജലന്ധര്‍ രൂപതയുടെ പി ആര്‍ ഒ ഡി ടി പി തയ്യാറാക്കി ഔദ്യോഗിക ലെറ്റര്‍പാഡില്‍ റിലീസ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

വിധി സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഇത് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഓര്‍ക്കണമെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. വിധി കേള്‍ക്കാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നു.
അതേസമയം സത്യം വെളിപ്പെട്ടു, കോടതിയ്ക്ക് നന്ദി എന്നായിരുന്നു വിധി അറിഞ്ഞയുടന്‍ ജലന്തര്‍ രൂപത പി ആര്‍ ഒ ഫാദര്‍ പീറ്ററിന്റെ പ്രതികരണം. വിധി കൈയില്‍ കിട്ടിയശേഷം അടുത്ത നടപടി സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുള്ള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി പറഞ്ഞത്.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം. 2018 ലാണ് പൊലീസ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.












Click it and Unblock the Notifications