കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി വരുന്നു; 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരം ആലോചനയിൽ
കൊച്ചി: കളമശ്ശേരി ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേങ് ദേശായിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർനടപികൾ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
60 കോടതി ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനിയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ച്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17 ന് നടക്കും.

കളമശ്ശേരിയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമെ സ്ഥലം ആവളശ്യമാണെങ്കിൽ അതുകൂടി കണ്ടെത്താനാണ് തീരുമാനം. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാപ് കോട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവ കളമശ്ശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
നിലവിലുള്ള ഹൈക്കോടതി, സ്ഥല പരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിതത്തെ കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം വന്നത്. കഴിഞ്ഞ നവംബർ 9 ന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി - ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൽ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചിരുന്നു.
നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും ബജറ്റിൽ പ്രഖ്യാപിച്ച എക്സിബിഷൻ സിറ്റിയുടെ നടപടികൾ ആരംഭിച്ചതും മറ്റൊര സ്ഥലത്തെക്കുറിച്ച് ആലോചിക്കാൻ കാരണമായി.
എല്ലാം വിഭാഗം ജനങ്ങൾക്കുമുള്ള പ്രാപ്യത, യാത്ര സൗകര്യം പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോൾ
ജുഡീഷ്യൽ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്ന് യോഗം വിലയിരുത്തി, നിയമ മന്ത്രി പി രാജീവ് , റവന്യൂ മന്ത്രി കെ രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications