പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും ഉള്ള സിനിമ പോലെയായി; പരിഹാസവുമായി കെ മുരളീധരന്‍
കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പല ഒത്തുതീര്‍പ്പുകളും നടക്കുന്നു. അതിനാലാണ് ഇഡി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാത്തത്

കൊച്ചി: സെക്‌സും സ്റ്റണ്ടും ഉള്ള സിനിമ പോലെയായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ മാറി എന്ന് വടകര എം പിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാാണ് എന്നും മുരളീധരന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് സമരത്തോട് പുച്ഛമാണ് എന്നും വീരവാദം മുഴക്കാനാണ് ഭരണപക്ഷം നിയമസഭയെ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയ കാസറ്റ് മറന്ന് പുതിയ കാസറ്റ് ഇറക്കുകയാണ് എന്നും മുരളീധരന്‍ പരിഹസിച്ചു.
സി എം രവീന്ദ്രനെ പോലും ഇ ഡിയ്ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവാണ് എന്നും കെ മുരളീധരന്‍ ആരോപിച്ചു. സ്വപ്ന സുരേഷിനും എം ശിവശങ്കറിലും മാത്രമായി ഇ ഡി ചുറ്റിക്കറങ്ങുകയാണ് എന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുമോയെന്ന് തന്നെ സംശയമാണ് എന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലേയും ഇന്നുമായി നിയമസഭയില്‍ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ആണ് കെ മുരളീധരന്‍ വിമര്‍ശനം. ഇന്ന് നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി രംഗത്തെത്തിയിരുന്നു.
ഇ ഡി റിമാന്റ് റിപ്പോര്‍ട്ട് ആയുധമാക്കിയാണ് മാത്യു കുഴല്‍നാടന്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ മന്ത്രിമാര്‍ അടക്കം എഴുന്നേറ്റ് നിന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്‍ പ്രതിരോധം തീര്‍ത്തതോടെ സഭ ബഹളമയമായി. കേരളത്തിലെ കോണ്‍ഗ്രസിന് ഇ ഡി പറയുന്ന വേദവാക്യമാണ് എന്നാണ് എം ബി രാജേഷ് പറഞ്ഞത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇ ഡി നിരന്തരം വിമര്‍ശിക്കുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം. എന്നാല്‍ മൂന്ന് കൊല്ലം എവിടെയോ പോയ ഇ ഡി ഇപ്പോള്‍ പാല്‍ക്കുപ്പിയുമായി വന്നു എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇ ഡിയെ വിശ്വാസമില്ല എന്ന് പറഞ്ഞ് തിരിച്ചടിച്ചു. ഇന്നലെയും സഭയില്‍ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications