വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നു; നോമിനി രാഷ്ട്രീയം നല്ലതല്ലെന്ന് മുരളീധരന്‍
കോഴിക്കോട്: വടകരയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടിയാണ് വടകരയില്‍ നിന്ന് തന്നെ തൃശൂരിലേക്ക് മാറ്റിയതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
അതേസമയം തൃശൂരിലേക്ക് മാറ്റിയതിന് പിന്നില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും കെ മുരളീധരന്‍ വെളിപ്പെടുത്തി.പാലക്കാടും ചേലക്കരയിലും പ്രചാരണത്തിന് പോകുന്നില്ലെന്ന് നേരത്തെ അറിയിച്ചതാണ്. അക്കാര്യം പുനപ്പരിശോധിക്കാന്‍ പോകുന്നില്ല. അവിടെ പ്രചാരണത്തിന്റെ എന്റെ ആവശ്യമില്ല. അവര്‍ക്ക് അത്യാവശ്യമാണെങ്കില്‍ വിളിച്ചാല്‍ സഹായിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തായാലും മത്സരിക്കാനില്ല. ഇനി മത്സരം 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും. എനിക്ക് വിശ്രമം ആവശ്യമാണ്. മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടൊന്നും കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്നെയായിരിക്കും സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ നയിക്കുക. തിരുവനന്തപുരം വിട്ട് ഇനിയൊരു മത്സരമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ തന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന നീക്കം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടെ എന്നായിരുന്നു പറഞ്ഞത്. ആ നേതാവിന്റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. തൃശൂരിലേക്ക് തന്നെ മാറ്റുന്നതില്‍ മുന്‍നിരയില്‍ നിന്ന നേതാവാണ് അപമാനിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് നോമിനി രാഷ്ട്രീയം ഒട്ടും നല്ലതിനല്ല. വട്ടിയൂര്‍ക്കാവില്‍ ഞാന്‍ തോറ്റപ്പോള്‍ താന്‍ ആരെയും നിര്‍ദേശിച്ചിട്ടില്ല. കോന്നിയില്‍ അടൂര്‍ പ്രകാശ് ഒരാളെ നിര്‍ദേശിച്ചെങ്കിലും അത് അംഗീകരിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.
രണ്ട് നല്ല എംഎല്‍എമാരെ നഷ്ടപ്പെട്ടതിന്റെ രോഷമാണ വട്ടിയൂര്‍ക്കാവിലും കോന്നിയിലും കണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് തനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തി. മുരളീധരന്‍ പറഞ്ഞു.
പാലക്കാട് മത്സരിക്കുന്നോയെന്ന് ആരും തന്നോട് ചോദിച്ചിട്ടില്ല. ചോദിച്ചാലും മത്സരിക്കില്ലായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഒരു നേതാവ് വിളിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ചോദിച്ചു. മുരളിയുടെ പേരുണ്ട്, പക്ഷേ മത്സരിക്കേണ്ട എന്നാണ് അഭിപ്രായമെന്ന് ആ നേതാവ് പറഞ്ഞു.
പാലക്കാട് ഡിസിസി തന്നെ സ്ഥാനാര്‍ഥിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം അറിഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.
ചേലക്കര മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കെ മുരളീധരന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ ആരും കുറ്റം പറയില്ല. സിറ്റിങ് സീറ്റില്‍ അല്ല താന്‍ തോറ്റതെന്നും മുരളീധരന്‍ പറഞ്ഞു.നേരത്തെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ദേശീയ നേതൃത്വത്തിന് അയച്ച് കത്ത് പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.












Click it and Unblock the Notifications