തൃശൂരിലെ തോൽവി, ഇടഞ്ഞ് കെ മുരളീധരൻ; അനുനയിപ്പിക്കാൻ തീവ്രശ്രമം, മുന്നിൽ വെക്കുക 3 ഓഫർ
തൃശൂർ: കൂറ്റൻ വിജയം നേടിയെങ്കിലും തൃശൂരിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോൺഗ്രസ് ക്യാമ്പ്. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലെത്തിച്ച് ബി ജെ പിക്കെതിരായ പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും തിരിച്ചടിയിൽ നിന്നും നേതൃത്വം മുക്തരായിട്ടില്ല. സി പി എം-ബി ജെ പി അന്തർധാരയാണ് മുരളീധരന്റെ പതനത്തിന് കാരണമായതെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം തോൽവിയെ കുറിച്ച് പ്രതികരിച്ചത്. എന്നാൽ പരാജയത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് നേരെ ആരോപണം ഉയർത്തുകയാണ് മുരളീധരൻ.
തോൽവിയുടെ പശ്ചാത്തലത്തിൽ ഇനി താൻ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ മുരളീധരനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം. മുരളീധരൻ പിണങ്ങിയാൽ അത് വലിയ തലവേദനയാകുമെന്ന് നേതൃത്വം കണക്കുക്കൂട്ടുന്നുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് നേതാക്കൾ മുരളീധരനെ ചതിക്കുമെന്ന് സഹോദരി പത്മജ മുന്നറിയിപ്പ് നൽകിയിരുന്നു. തന്നോട് നേതാക്കൾ ചെയ്തത് തന്നെ സഹോദരനോടും ആവർത്തിക്കുമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന് അത് പരസ്യമായി സമ്മതിക്കേണ്ടി വരുമെന്നുമാണ് പത്മജ പറഞ്ഞത്. പത്മജയുടെ വാക്കുകൾ ആവർത്തിക്കുന്ന മുരളീധരനെയാണ് പരാജയത്തിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ കണ്ടത്. നേതൃത്വത്തിനെതിരെ മുരളീധരൻ തുറന്നടിക്കുകയായിരുന്നു.
'മത്സരിക്കാനുള്ള മൂഡ് നഷ്ടപ്പെട്ടു, ഇനി പൊതുരംഗത്ത് നിന്ന് തന്നെ മാറി നിൽക്കാനാണ് തീരുമാനം. സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ നരേന്ദ്ര മോദി വന്നു. സുനിൽ കുമാറിന് വേണ്ടി പിണറായി വിജയൻ വന്നു. എനിക്ക് വേണ്ടി ആകെ വന്നത് ഡികെ ശിവകുമാർ മാത്രമമാണ് വന്നത്. അതും ഉച്ചവെയിലത്ത്.സംസ്ഥാന ദേശീയ നേതാക്കൽ പ്രചരണത്തിൽ നിന്നും വിട്ടുനിന്നു. ഇനി ഒരു പദവിയിലേക്കും താൻ ഇല്ല. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്', എന്നായിരുന്നു മുരളീധരന്റെ വാക്കുകൾ.
വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ സമാധാനിപ്പിക്കാൻ മണ്ണുത്തിയിലെത്തിയ ജില്ലാ നേതാക്കളോടും അദ്ദേഹം അതിരൂക്ഷമായിട്ടായിരുന്നു പെരുമാറിയത്. വരും ദിവസങ്ങളിൽ അദ്ദേഹം നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണവുമായി രംഗത്തെത്തിയേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ മുരളീധരനെ സമാധാനിപ്പിച്ച് കൂടെ നിർത്താൻ തീവ്രശ്രമങ്ങൾ നേതൃത്വം നടത്തിയേക്കും. അദ്ദേഹത്തിന് അർഹമായ പദവികൾ നൽകാനായിരിക്കും ആദ്യശ്രമം. യു ഡി എഫ് കൺവീനർ പദവി, കെ പി സി സി അധ്യക്ഷസ്ഥാനം, വയനാട് ലോക്സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകളായിരിക്കും മുന്നിൽ വെച്ചേക്കുക. എം എം ഹസനെ മാറ്റി മുരളീധരനെ യു ഡി എഫ് കൺവീനർ ആക്കിയാൽ അത് നേതൃത്വത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ഉണ്ട്. ആ സാധ്യതയായിരിക്കും പ്രധാനമായും പരിശോധിക്കുക.












Click it and Unblock the Notifications