കെ റെയില്‍: കേന്ദ്ര മന്ത്രിമാരെ കണ്ട് മുസ്ലിം ലീഗ് നേതാക്കള്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
തിരുവനന്തപുരം: കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപീന്ദർ യാദവിനെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനേയും കഴിഞ്ഞ ദിവസം കണ്ടു നിവേദനം നൽകി മുസ്ലിം ലീഗ് നേതൃത്വം. പദ്ധതിയുടെ പരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കഷ്ട നഷ്ടങ്ങളും ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയതായി സംഘത്തെ നയിച്ച പാർട്ടി എംപി ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന് ഹരീഷ് പേരടി
550 ലേറെ കിലോ മീറ്റർ നീളത്തിൽ 11 ജില്ലകളിലൂടെ കടന്നു പോകുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് മന്ത്രിയോട് വിശദീകരിച്ചു. ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ വഴിയാധാരമാകുമെന്നും, അമ്പതിനായിരത്തിലധികം കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരുകയും ചെയ്യും. കേന്ദ്ര ഗവണ്മെന്റിന്റെ അനുമതി ലഭിക്കുന്നതിനു മുൻപ് തന്നെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു നിഷേധാത്‍മക നിലപാടാണ് ഇക്കാര്യത്തിൽ കേരള ഗവണ്മെന്റ് എടുത്തിട്ടുള്ളെതന്നും മന്ത്രിയെ ധരിപ്പിച്ചു.
കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്നും അതിന്റെ പരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കഷ്ട നഷ്ടങ്ങളും ആശങ്കജനകം തന്നെയാണെന്ന് കേന്ദ്ര റെയിൽ വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വസ്തുതകൾ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായും ഇടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
കെ പി. എ. മജീദ് എം എൽ എ, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, അബ്ദുൽ സലാം, അഡ്വ. അബൂബക്കർ ചെങ്ങാട്ട് തുടങ്ങിവരും ഇടി മുഹമ്മദ് ബഷീറിനൊപ്പമുണ്ടായിരുന്നു. തിരൂരങ്ങാടിയിലെ പരപ്പനങ്ങാടിയെ പാടെ ഇല്ലാതാക്കുന്ന വിധം കെ. റെയിൽ സർവെ അലൈന്റ്‌മെന്റ് പൂർത്തിയാക്കിയ അധികൃതരുടെ നടപടിയിൽ നിന്ന് ചരിത്ര നഗരത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ടതായി കെപിഎ മജീദും അറിയിച്ചു.
പുനരധിവാസത്തിന് ഒരിഞ്ച് മണ്ണ് കിട്ടാനില്ലാത്തതും കെട്ടിട നിർമാണത്തിന് പാരിസ്ഥിതിക ചട്ടങ്ങൾ വിഘാതം നിൽക്കുന്നതും ആശങ്കയോടെ കാണേണ്ട വസ്തുതകളാണ്. പരപ്പനങ്ങാടി നഗരസഭയിലെ മൂന്നുറോളം വീടുകൾ, നിരവധി ആരാധാനാലയങ്ങൾ, വിദ്യാലയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, എന്നിവ പൊളിച്ചു നീക്കപ്പെടുന്നതോടെ ഈ കടലോര പട്ടണം ചരിത്രത്തിന്റെ ഭാഗമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ആശ്വാസകരമായ മറുപടിയാണ് കേന്ദ്ര മന്ത്രിമാരിൽനിന്ന് ലഭിച്ചതെന്ന് അദ്ദേഹവും പറഞ്ഞു.