'കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ബിജെപിയും യുഡിഎഫും';രൂക്ഷവിമർശനവുമായി എംവി ജയരാജൻ
ദില്ലി; കെ-റെയിൽ വിഷയത്തിൽ ബിജെപിയേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ.കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുകയാണ് ബിജെപിയും യുഡിഎഫ് നേതാക്കളുമെന്ന് ജയരാജൻ പരിഹസിച്ചു. പദ്ധതിക്ക് അന്തിമാനുമതിയായിട്ടില്ലെന്ന് എല്ലാവർക്കുമറിയാം.കേന്ദ്രം സാങ്കേതിക-സാമ്പത്തിക വശങ്ങൾ പരിശോധിച്ചായിരിക്കും അന്തിമാനുമതി നൽകുക. അലൈൻമെന്റ് പ്ലാൻ, ഏറ്റെടുക്കേണ്ടിവരുന്ന റെയിൽവേ സ്വകാര്യഭൂമിയുടെ വിശദാംശങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹികാഘാത പഠനം നടക്കുകയാണ്. സാമ്പത്തിക വശവും പരിശോധിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ നൽകുകയും ചെയ്യും. നാടിന്റെ വികസനത്തിന് ഇത്തരം പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾ ആവിഷ്‌കരിക്കുമ്പോൾ കേരളത്തിൽ വേണ്ടെന്നാണ് കേന്ദ്രത്തിൽ നിന്നും അന്തിമാനുമതി വാങ്ങിയെടുക്കാൻ നേതൃത്വപരമായ പങ്കുവഹിക്കേണ്ട കേന്ദ്രമന്ത്രിയും എംപിമാരും പറയുന്നത്. . ഇത്തരം വികസനവിരുദ്ധന്മാരെയാണ് നാം ഒറ്റപ്പെടുത്തേണ്ടതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ജയരാജന്റെ വാക്കുകളിലേക്ക്- കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ബിജെപിയും യുഡിഎഫും
കാളപെറ്റുവെന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ കയറെടുക്കാൻ ഓടിപ്പോകുന്ന ചിലരെ കാണാം. അക്കൂട്ടത്തിലാണ് കേന്ദ്ര സഹമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളും പ്രതിപക്ഷ നേതാവടക്കമുള്ള യുഡിഎഫ് നേതാക്കളും എന്ന് പറയേണ്ടിവന്നതിൽ ഖേദമുണ്ട്. ബജറ്റിൽ കെ-റെയിൽ പദ്ധതിക്ക് പണം അനുവദിക്കാത്തത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റംഗങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടി ഉദ്ധരിച്ചാണ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് ഇക്കൂട്ടർ പറയുന്നത്. അപ്പോഴേയ്ക്കും ചിലർ കെ-റെയിൽ പദ്ധതിയുടെ മരണം പ്രഖ്യാപിക്കുകയും മൃതദേഹത്തിൽ റീത്ത് വെക്കുകയും ചെയ്തു.
കേരളം കാത്തിരിക്കുന്ന ഒരു സ്വപ്നപദ്ധതിയുടെ സർവ്വേ കല്ല് പിഴുതവരാണ് ഇക്കൂട്ടർ. അതുകൊണ്ട് തന്നെ ഇത്തരം ഹീന പ്രതികരണങ്ങളിൽ അത്ഭുതപ്പെടാനില്ല. സിൽവർ ലൈൻ പദ്ധതി 49 ശതമാനം റെയിൽവേയ്ക്കും 51 ശതമാനം കേരളത്തിനും പങ്കുള്ള സംയുക്ത സംരംഭമാണ്. 2019 ഡിസംബറിൽ റെയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നൽകി. 2021 ജനുവരിയിൽ കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി. ഇതെല്ലാം രേഖകളാണ്. ഏതൊരു പദ്ധതിയുടെ തുടക്കവും ഇത്തരത്തിൽ തന്നെയാണ്. തുടർന്നാണ് സാധ്യതാപഠനം നടത്തിയത്. ആ രേഖയാണ് ഡിപിആർ. അത് കേന്ദ്രത്തിന് സമർപ്പിച്ചു. പദ്ധതിക്ക് അന്തിമാനുമതിയായിട്ടില്ലെന്ന് എല്ലാവർക്കുമറിയാം.
കേന്ദ്രം സാങ്കേതിക-സാമ്പത്തിക വശങ്ങൾ പരിശോധിച്ചായിരിക്കും അന്തിമാനുമതി നൽകുക. അലൈൻമെന്റ് പ്ലാൻ, ഏറ്റെടുക്കേണ്ടിവരുന്ന റെയിൽവേ സ്വകാര്യഭൂമിയുടെ വിശദാംശങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹികാഘാത പഠനം നടക്കുകയാണ്. സാമ്പത്തിക വശവും പരിശോധിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ നൽകുകയും ചെയ്യും. അടിസ്ഥാന പ്രശ്നം ഇത്തരമൊരു പദ്ധതി നാടിന് വേണോ വേണ്ടയോ എന്നതാണ്.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽവേ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. മഹാരാഷ്ട്രയും ഗുജറാത്തുമാണ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നണിയും ബിജെപിയുമാണ് ഭരിക്കുന്നത്. മറ്റ് 15 സംസ്ഥാനങ്ങളിൽ സമാന പദ്ധതികൾ അന്തിമഘട്ടത്തിലാണ്. നാടിന്റെ വികസനത്തിന് ഇത്തരം പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾ ആവിഷ്‌കരിക്കുമ്പോൾ കേരളത്തിൽ വേണ്ടെന്നാണ് കേന്ദ്രത്തിൽ നിന്നും അന്തിമാനുമതി വാങ്ങിയെടുക്കാൻ നേതൃത്വപരമായ പങ്കുവഹിക്കേണ്ടയാളായ മലയാളിയായ കേന്ദ്രസഹമന്ത്രിയും പാർലമെന്റ് അംഗങ്ങളും പറയുന്നത്! ബിജെപിയുടെയും യുഡിഎഫിന്റെയും കേരള വിരുദ്ധ സമീപനമാണ് ബജറ്റിൽ പോലും സംസ്ഥാന വികസനത്തിന് യാതൊരു പരിഗണനയും കേന്ദ്രസർക്കാർ നൽകാതിരുന്നതിന് കാരണം. ഇത്തരം വികസനവിരുദ്ധന്മാരെയാണ് നാം ഒറ്റപ്പെടുത്തേണ്ടത്. പാർലമെന്റ് അംഗങ്ങളുടെ ചോദ്യവും അതിന് മന്ത്രിനൽകിയ മറുപടിയും കാര്യങ്ങൾ ഇനിയും ബോധ്യപ്പെടാത്തവർക്ക് വേണ്ടി അനുബന്ധമായി ചേർത്തിരിക്കുന്നു.
അനുബന്ധം: കെ-റെയിലുമായി ബന്ധപ്പെട്ട പാർലമെന്റിലെ ചോദ്യോത്തരം
ചോദ്യം 1. കേരള സർക്കാർ കെ റെയിൽ പ്രൊജക്ട് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടൊ?
ഉത്തരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അർദ്ധ അതിവേഗ റെയിൽവെ പദ്ധതിയുടെ ഡിപിആർ കേരള സർക്കാരിന്റെ 51 % വും കേന്ദ്രറെയിൽവെ മന്ത്രാലയത്തിന്റെ 49 %വും പങ്കാളിത്തമുള്ള സംരംഭമായ കേരളാ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. 63941 കോടി രൂപയാണ് KRDCL പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക ക്ഷമത അടിസ്ഥാനമാക്കിയാകും പദ്ധതി പരിഗണിക്കുക.
ചോദ്യം 2. കേരള സർക്കാർ എന്തെങ്കിലും തരത്തിലുള്ള പാരിസ്ഥിതികപഠന റിപ്പോർട്ട് ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ടോ?
ഉത്തരം: ഇല്ല.
ചോദ്യം 3. കെ റെയിൽ പദ്ധതിക്ക് വേണ്ടി വിദേശവായ്പ എടുക്കുന്നതിനുള്ള അനുമതി കേരളസർക്കാർ തേടിയിട്ടുണ്ടോ?
ഉത്തരം: 33700 കോടി രൂപ വിദേശ വായ്പ എടുക്കുന്നതിനായുള്ള അനുമതി തേടി KRDCL കേന്ദ്ര ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
ചോദ്യം 4. പദ്ധതി വിശദമായ പരിശോധനക്ക് കേന്ദ്രസർക്കാർ വിധേയമാക്കിയോ. ഉണ്ടെങ്കിൽ വിശദാംശങ്ങൾ?
ചോദ്യം 5. കെ റെയിൽ പ്രവൃത്തി തുടങ്ങാനുള്ള അനുമതി കേരള സർക്കാരിന് കേന്ദ്രസർക്കാർ നൽകിയോ?
ചോദ്യം 6. ഉണ്ടെങ്കിൽ അതിന്റെ ഉത്തരവുകളുടെ കോപ്പി നൽകാമോ?
ഉത്തരം: ഇല്ല. ഡിപിആർ റെയിൽവെ മന്ത്രാലയം പരിശോധിച്ച് വരികയാണ്. സാങ്കേതികക്ഷമത പരിശോധിക്കുന്നതിനാവശ്യമായ ചില വിവരങ്ങൾ ഡിപിആറിൽ ഇല്ല. ആ വിവരങ്ങൾ സമർപ്പിക്കാൻ KRDCL നോട് നിർദ്ദേശിച്ചിട്ടുണ്ട്. സാങ്കേതികകാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊണ്ടതിന് ശേഷം പദ്ധതിയുടെ സാമ്പത്തിക്ഷമതയും വിശദമായി വിലയിരുത്തപ്പെടും.
ചോദ്യം 7 . കെ റെയിലിന് എതിരായ സമരങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
ചോദ്യം 8. ഉണ്ടെങ്കിൽ പദ്ധതി നിർത്തിവെക്കാൻ എന്ത് നടപടി സ്വീകരിച്ചു?
ഉത്തരം: സമരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിലുപരി, പദ്ധതിയുടെ സാമൂഹ്യാഘാതപഠനം (SIA) നടത്തുന്നതിനുള്ള 4(1) വിജ്ഞാപനം കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതി ജനജീവിതത്തിലുണ്ടാക്കാൻ സാധ്യതയുള്ള ആഘാതം SIA പഠനത്തിലൂടെ മനസിലാക്കാൻ കഴിയും. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തികക്ഷമതയെ അടിസ്ഥാനമാക്കിയാകും പദ്ധതിക്ക് അംഗീകാരം നൽകുക.
Recommended Video
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications