'എകെജി സെന്ററില്‍ വാലാട്ടിനില്‍ക്കാന്‍ ഒരാള്‍ കൂടിയുണ്ടായെന്ന് കേരളം ശ്രീധരനെ ഓര്‍ത്ത് സഹതപിക്കും'
തിരുവനന്തപുരം: പെരിയ ഇരട്ടകൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കെപിസിസി ഉപാദ്ധ്യക്ഷനും ഇപ്പോൾ സിപിഐഎം അംഗവുമായ അഡ്വ. സി കെ ശ്രീധരനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം.
അത് തെളിയിക്കപ്പെടുക തന്നെ ചെയ്യും. നീതി ലഭിക്കാൻ കോൺഗ്രസ് ഏതറ്റം വരേയും പോകും. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കഴിച്ച് എകെജി സെന്ററിൽ വാലാട്ടി നിൽക്കാൻ ഒരാൾ കൂടിയുണ്ടായെന്ന് കേരളം ശ്രീധരനെ ഓർത്തു സഹതപിക്കുമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ സുധാകരന്റെ വിമർശനം. കൂടെയുള്ളവർ മരണപ്പെട്ടാൽ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. പാർട്ടിയിലെ ഓരോ പ്രവർത്തകനും ഞങ്ങൾക്ക് ജീവനാണ്. അതിൽ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാൻ ഞങ്ങളനുവദിക്കില്ല. നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുമെന്നും കെപിസിസി പ്രസിഡന്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:
പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്. ആസൂത്രിതമായി തന്നെ. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത് തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളും.
കൂടെയുള്ളവർ മരണപ്പെട്ടാൽ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേത്. ഈ പാർട്ടിയിലെ ഓരോ പ്രവർത്തകനും ഞങ്ങൾക്ക് ജീവനാണ്. അതിൽ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാൻ ഞങ്ങളനുവദിക്കില്ല. നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും.
സിപിഎമ്മിന്റെ അടുക്കളപ്പുറത്തെ എച്ചിൽ നക്കാൻ ഒരുപാട് അടിമകൾ ഇന്നാട്ടിലുണ്ട്. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കഴിച്ച്, AKG സെന്ററിൽ വാലാട്ടി നിൽക്കാൻ ഒരാൾ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓർത്തു സഹതപിക്കും.

അതേസമയം, വേട്ടക്കാരനോടും ഇരയോടുമൊപ്പം നിൽക്കുന്ന ശ്രീധരന്മാർ അഭിഭാഷക സമൂഹത്തിന് തന്നെ അപമാനമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും വിമർശിച്ചു. സിപിഐഎമ്മിന്റെ അച്ചാരം വാങ്ങി പാർട്ടി വിട്ട് ചെങ്കൊടിയേന്തിയപ്പോൾ തന്നെ പെരിയയിലെ ഞങ്ങളുടെ കുട്ടികളെ ഒറ്റ് കൊടുക്കുമെന്ന് അറിയാമായിരുന്നു. അല്ലാതെ സ്വന്തം നിഴലുപോലും കൂടെയില്ലാത്ത നിങ്ങളെ സിപിഐഎം ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കില്ലല്ലോ. പ്രൊഫഷണൽ ബ്രില്യൻസിന് മുകളിലാണ് നീതിദേവതയുടെ കണ്ണെന്നും രാജ്‍മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേസിലെ ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 22 ഉം 23 ഉം പ്രതികളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്ക്കരൻ എന്നിവർക്ക് വേണ്ടിയാണ് സി കെ ശ്രീധരൻ വാദിക്കുക. ഫെബ്രുവരി രണ്ടിന് കേസിൽ സിബിഐ സ്പെഷ്യൽ കോടതിയിൽ വിചാരണ ആരംഭിക്കും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ വെട്ടിക്കൊലപ്പെടുത്തിയത്.












Click it and Unblock the Notifications