'പിണറായി വിജയൻ നരേന്ദ്ര മോദിയുടെ അടിമ, ഇത്രത്തോളം അധ:പതിച്ചതിൽ സഹതാപം'; കെ സുധാകരൻ
നരേന്ദ്രമോദിയുടെ കാൽച്ചുവട്ടിൽ അയാളുടെ താളത്തിനൊത്ത് തുള്ളിക്കളിക്കുന്ന വിനീതവിധേയനായി തുടരുകയാണ് മുഖ്യമന്ത്രി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
നരേന്ദ്രമോദി കൊച്ചി സന്ദർശിച്ചതിന്റെ പേരിൽ പിണറായി വിജയൻ കോൺഗ്രസ് പ്രവർത്തകരെ തടങ്കലിൽ വെച്ചത് എന്ത് നീതിയാണെന്നും സുധാകരൻ ചോദിച്ചു. പിണറായി വിജയൻ നരേന്ദ്രമോദിയുടെ അടിമയായി ഇത്രത്തോളം അധ:പതിച്ചു എന്ന് കാണുമ്പോൾ സഹതാപം തോന്നുന്നു. ഒരൊറ്റ സിപിഎം പ്രവർത്തകനെയും കരുതൽ തടങ്കലിൽ വെച്ചില്ല എന്നത് ബിജെപിയുടെ ശത്രു ആരാണെന്ന കാര്യം രാഷ്ട്രീയ കേരളത്തിന് വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-
നരേന്ദ്രമോദി കൊച്ചി സന്ദർശിച്ചതിന്റെ പേരിൽ പിണറായി വിജയൻ കോൺഗ്രസ് പ്രവർത്തകരെ തടങ്കലിൽ വെച്ചത് എന്ത് നീതിയാണ് ?ഇരുട്ടിന്റെ മറവിൽ വീട്ടിൽ കയറി സാധാരണക്കാരെ കസ്റ്റഡിയിൽ എടുക്കാൻ മാത്രം എന്ത് പ്രശ്നമാണ് കേരളത്തിൽ നിലവിലുള്ളത് ?

പിണറായി വിജയൻ നരേന്ദ്രമോദിയുടെ അടിമയായി ഇത്രത്തോളം അധ:പതിച്ചു എന്ന് കാണുമ്പോൾ സഹതാപം തോന്നുന്നു. ഒരൊറ്റ സിപിഎം പ്രവർത്തകനെയും കരുതൽ തടങ്കലിൽ വെച്ചില്ല എന്നത് ബിജെപിയുടെ ശത്രു ആരാണെന്ന കാര്യം രാഷ്ട്രീയ കേരളത്തിന് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.
ഇനിയെങ്കിലും ബിജെപിക്ക് എതിരെയാണ് സിപിഎം എന്ന വാദവുമായി സഖാക്കൾ വരരുത് . അത്തരം ഒരു ചിന്ത മനസ്സിലുള്ളവർ കുറഞ്ഞ പക്ഷം മുഖ്യമന്ത്രി വിജയനെ എങ്കിലും ആ കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
ലാവ് ലിൻ കേസ് വീണ്ടും മാറ്റി വെച്ചതും കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്തതും കൂട്ടിച്ചേർത്തു വായിക്കണം.നരേന്ദ്രമോദിയുടെ കാൽച്ചുവട്ടിൽ അയാളുടെ താളത്തിനൊത്ത് തുള്ളിക്കളിക്കുന്ന വിനീതവിധേയനായി തുടരുകയാണ് മുഖ്യമന്ത്രി വിജയൻ .
കാക്കിയിട്ട സഖാക്കളെയും കൊണ്ട് പിണറായി വിജയൻ അധികകാലം ഈ രീതിയിൽ മുന്നോട്ടു പോകില്ല. ഈ അനീതികൾക്കും അന്യായങ്ങൾക്കും ശക്തമായ തിരിച്ചടി നൽകാതെ കാലവും കോൺഗ്രസ്സ് പ്രസ്ഥാനവും കടന്നുപോകില്ല', സുധാകരൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കളെയായിരുന്നു പോലീസ് കരുതൽ തടങ്കലിൽ എടുത്തത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുളളവരെയായിരുന്നു തടങ്കലിലാക്കിയത്.












Click it and Unblock the Notifications