കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ അനുവഭിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈദ്യുതി ചാർജ് വർദ്ധന ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. കെ എസ് ഇ ബിയുടെ കടംവീട്ടാൻ സർക്കാർ പൊതുജനങ്ങളുടെ മേൽ കുതിരകയറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും റെക്കോർഡ് വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചക്കഞ്ഞിക്ക് പോലും പണം കൊടുക്കാത്ത സർക്കാർ 5,000 കോടിരൂപയുടെ അധികഭാരമാണ് ഈ ബജറ്റിലൂടെ പൊതുജനങ്ങളുടെ മേൽ കെട്ടിവെച്ചത്. ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അങ്ങനെയൊരു സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ പൊടിച്ച് ധൂർത്ത് നടത്തുകയാണ് സർക്കാർ ചെയ്യുന്നത്.

10 ശതമാനത്തോളമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. പിണറായി സർക്കാരിനെ കൊണ്ട് മലയാളികൾ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയൽ- ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറയ്ക്കാൻ സി പി എം ശ്രമിക്കുന്നത്. അഖിലേന്ത്യാതലത്തിൽ ഐ എൻ ഡി ഐ എ മുന്നണിയുടെ ഭാഗമായ സി പി എമ്മിനെ രക്ഷിക്കാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
കേരളത്തിലെ ഇടത് ഭരണത്തെ നിലനിർത്തേണ്ടത് രാഹുൽഗാന്ധിയുടെ കൂടി ബാധ്യതയാണ്. കേരളത്തിലെ മുസ്ലിംങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത പാലസ്തീൻ വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാമെന്നാണ് സി പി എം കരുതുന്നത്. അതിന് വേണ്ട സഹായമാണ് വിഡി സതീശൻ അവർക്ക് ഒരുക്കികൊടുക്കുന്നത്.
മുസ്ലിംലീഗ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിലെത്തുമെന്നുറപ്പാണ്. നാല് വോട്ട് കിട്ടാൻ വേണ്ടിയാണ് സി പി എമ്മും കോൺഗ്രസും രാജ്യാന്തര ഭീകരവാദികളായ ഹമാസിനെ പിന്തുണയ്ക്കുന്നത്. ഹമാസ് എന്ത് ചെയ്താലും അവരെ പിന്തുണയ്ക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മൂന്നാംതവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 40,000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത്-വലത് മുന്നണികൾ കെഎസ്ഇബിക്ക് വരുത്തിവെച്ചത്. വൻകിടക്കാരിൽ നിന്നും നികുതി പിരിച്ചെടുക്കുന്നതിൽ വിഴ്ച വരുത്തുന്ന സർക്കാർ പാവങ്ങളെ കൊള്ളയടിക്കുകയാണ്. കേരളീയത്തിന്റെ പേരിൽ വലിയ ധൂർത്ത് നടത്തുന്നവർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications