ലോകായുക്ത ഭേദഗതി: സർക്കാർ അഴിമതിക്ക് കളമൊരുക്കുന്നു, ഓർഡിനൻസ് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം : ലോകായുക്തയുടെ അഴിമതി കേസുകളില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓര്‍ഡിനന്‍സെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകര്‍ക്കുക വഴി വന്‍തോതില്‍ തട്ടിപ്പ് നടത്തുകയാണ് സി പി എമ്മിന്റെ ലക്ഷ്യം. ഇത് മനസിലാക്കിയതു കൊണ്ടാണ് സി പി ഐ പോലും ഓര്‍ഡിനന്‍സിനെ എതിര്‍ത്തത്. എന്നാല്‍ സി പി ഐയെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്ത് കഴിഞ്ഞു. ലോകായുക്തയുടെ അഴിമതി കേസുകളില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓര്‍ഡിനന്‍സെന്ന് പകല്‍ പോലെ വ്യക്തമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു .

ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. ഇടത് സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാന്‍ ബി ജെ പി സാധിക്കില്ല. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെ മടക്കി അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ രണ്ടാമത്തെ തവണ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമായിരുന്നു. എങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആദ്യത്തെ തവണ ഗവര്‍ണര്‍ക്ക് ഭരണഘടനാ വിരുദ്ധ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതിരിക്കാമായിരുന്നു .
സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ രാഷ്ട്രീയമായും നിയമപരമായും ബി ജെ പി നേരിടും. കെടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതും സിപിഎമ്മിന്റെ തന്ത്രമായിരുന്നു. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം അഴിമതി നടത്തുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായും സുരേന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ പ്രതികരിച്ച് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കാഴ്ചക്കാരായി മാറിയ സി പി ഐയുടെ അവസ്ഥയും പരിതാപകരം. ബി ജെ പി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച് ആര്‍ എസ് എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നു സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. നിയമഭേദഗതിയുടെ പ്രസക്തി നഷ്ടപ്പെട്ട ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതം.
Recommended Video

കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തില്‍ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാര്‍ ചിന്തിക്കണം. പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണാധികാരികള്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. നീര്‍ജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ നിയമസഭയെ മുഖ്യമന്ത്രിയും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയും നോക്കുകുത്തിയാക്കി. ഫാസിസ്റ്റ് ഭരണത്തിന്റെ മുഖങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറി. ജനാധിപത്യ ധര്‍മ്മങ്ങളെയും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കാറ്റില്‍പ്പറത്തുന്ന ഏകാധിപത്യ ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും ഇപ്പോഴുള്ളത്. രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചത് പോലെ ഇത് രാജഭരണമല്ല,ജനകീയഭരണമാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. രാഹുല്‍ ഗാന്ധിയുടെ അതേആശങ്ക കേരളത്തില്‍ കോണ്‍ഗ്രസ് പങ്കുവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications