വ്യാജ രേഖ കേസ് രാജ്യത്ത് ആദ്യമല്ല; വിദ്യയുടെ കേസ് എസ്എഫ്ഐയുടെ മേല്‍ ചാരാന്‍ ശ്രമം: ആനാവൂർ
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജ രേഖ കേസിന്റെ പേരില്‍ എസ്എഫ്ഐയെ അപകീർത്തിപ്പെടുത്താന്‍ മനഃപ്പൂർവ്വമായ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ആനാവൂർ നാഗപ്പന്‍. രാജ്യത്തും കേരളത്തിലും മുൻപും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യ വ്യാജ രേഖ ചമച്ച് ജോലി നേടാന്‍ ശ്രമിച്ച വിഷയത്തെ വളച്ചൊടിച്ച് എസ്എഫ്ഐ യുടെ തലയിൽ ചാരാനാണ് പ്രതിപക്ഷവും ഒരുവിഭാഗം കുത്തകമാധ്യമങ്ങളും പരിശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറയുന്നു.
യഥാർത്ഥത്തിൽ ഇവരുടെ ഉദ്ദേശം എസ്എഫ്ഐ യിലൂടെ മഹാരാജാസ് കോളേജിനെയും അതിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെതിരെയും അതിലൂടെ സർക്കാരിനെയും ആക്രമിക്കുക അങ്ങനെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെയും അതിലൂടെ വരാനിരിക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയെയും തകർക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ആദ്യ വിസിലാണ് ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ മുഴക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രാജ്യത്തും കേരളത്തിലും മുൻപും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഒരു വ്യാജവക്കീൽ പോലീസിന്റെ പിടിയിലായത്. വ്യാജ ഡോക്ടർമാരെ ഉൾപ്പെടെ ഇത്തരത്തിൽ പലഘട്ടങ്ങളിലും പിടികൂടിയിട്ടുണ്ട്. ഇപ്പോൾ കെ വിദ്യ എന്ന വനിത വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ചു എന്നതാണ് ഒടുവിൽ പുറത്ത് വന്ന ഇത്തരത്തിലുള്ള ഒരു വാർത്ത. എന്നാൽ ഈ വിഷയത്തെ വളച്ചൊടിച്ച് എസ്എഫ്ഐയുടെ തലയിൽ ചാരാനാണ് പ്രതിപക്ഷവും ഒരുവിഭാഗം കുത്തകമാധ്യമങ്ങളും പരിശ്രമിക്കുന്നത്.
ഈ വിഷയത്തിലെ ആരോപണവിധേയായ സ്ത്രീ അവരുടെ വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐ ആയിരുന്നു എന്നതാണത്രേ അതിന്റെ കാരണം. വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐ ആയിരുന്ന പലരും പിന്നീട് പലവഴിക്ക് പോവുകയും പലതരത്തിൽ കാര്യങ്ങൾ ചെയ്യുകയും പറയുകയും ചെയ്യാറുണ്ട്. അതിന്റെ എല്ലാം ഉത്തരവാദിത്വം എസ്എഫ്ഐക്കാണെന്ന വിചിത്രമായ വാദമാണ് ഇതിലൂടെ ഒരു വിഭാഗം മാധ്യമങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ഇത്തരത്തിൽ എസ്എഫ്ഐക്കെതിരെ തന്നെ കല്ല് വച്ച നുണകൾ വർത്തകളാക്കുന്ന പല മാധ്യമപ്രവർത്തകരും മുൻപ് എസ്എഫ്ഐ ആയിരുന്നവരല്ലേ ? അപ്പോ അവരുണ്ടാക്കുന്ന നുണകളുടെ ഉത്തരവാദിത്തവും എസ്എഫ്ഐ യ്ക്ക് ആണോ ? എന്ത് മാത്രം ബാലിശമായ നിലപാടാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകണം. കുറ്റം ചെയ്യുന്ന ആരെയും സംരക്ഷിക്കുന്ന രീതി എസ്എഫ്ഐ സ്വീകരിക്കാറില്ല. ഇക്കാര്യത്തിലും മറിച്ചൊരു നിലപാട് ഇല്ല.
യഥാർത്ഥത്തിൽ ഇവരുടെ ഉദ്ദേശം എസ്എഫ്ഐയിലൂടെ മഹാരാജാസ് കോളേജിനെയും അതിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെതിരെയും അതിലൂടെ സർക്കാരിനെയും ആക്രമിക്കുക അങ്ങനെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെയും അതിലൂടെ വരാനിരിക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയെയും തകർക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ആദ്യ വിസിലാണ് ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ മുഴക്കുന്നത്.
ഇതേ സമീപനമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിഷയത്തിലും സ്വീകരിച്ചത്. പരീക്ഷ എഴുതുകയോ രജിസ്റ്റർ ചെയ്യുകയോ പോലും ചെയ്യാത്ത ആർഷോ ജയിച്ചു എന്ന് പ്രചരിപ്പിക്കുക ആയിരുന്നില്ലേ ഈ മാധ്യമത്തമ്പുരാക്കന്മാർ ചെയ്തത്. ഇക്കാര്യത്തിൽ ഉന്നതമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന ആർഷോയുടെ പരാതി ഗൗരവമുള്ളതാണ്. പച്ചക്കള്ളമാണ് പറഞ്ഞതും പ്രചരിപ്പിച്ചതും എന്ന് ബോധ്യമായിട്ടും അടുത്തദിവസത്തെ പത്രത്തിന്റെ മുൻപേജിൽ എട്ടുകോളത്തിൽ വെണ്ടയ്ക്ക നിരത്താനും വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന പോലെ വിളിച്ച് കൂവുന്ന കുറെ ആളുകളെ പിടിച്ചിരുത്തി അന്തിചർച്ച നടത്താനും ഒരു മടിയും മനോരമയ്ക്കും മാതൃഭൂമിക്കും ഏഷ്യാനെറ്റിനും ഒന്നും ഉണ്ടായില്ല.
അതേസമയം മഹാരാജാസ് കോളേജിൽ കെ എസ് യുവിന്റെ നേതാവായ വിദ്യാർത്ഥിനിയുടെ റീവാല്യൂവേഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് കോർഡിനേറ്ററുടെ ഇടപെടൽ സംബന്ധിച്ച് കോളേജ് യൂണിയനും വിദ്യാർത്ഥികളും നൽകിയ പരാതിയും പ്രസ്തുത പരാതികളെ അടിസ്ഥാനപ്പെടുത്തി ഡിപ്പാർട്മെന്റ് കോർഡിനേറ്ററെ തൽസ്ഥാനത്ത് നിന്ന് നീക്കിയ നടപടിയും അതോടൊപ്പം കോട്ടയത്തെ അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിനെതിരെ എസ്എഫ്ഐ പ്രഖ്യാപിച്ച സമരത്തിന് നേതൃത്വം നൽകിയത് ആർഷോ ആയിരുന്നു എന്നതുമെല്ലാം ഈ വ്യാജവാർത്തയ്ക്കും പ്രചാരണത്തിനും കാരണമായിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.
എല്ലാ അർഥത്തിലും സാമൂഹത്തിനും വിദ്യാർത്ഥികൾക്കും എതിരായ നിലപാട് സ്വീകരിക്കുകയും ഇടതുപക്ഷത്തിനെതിരെ വസ്തുതാവിരുദ്ധമായ രീതിയിൽ അപവാദം പ്രചരിപ്പിക്കാൻ ഏതറ്റം വരെയും പോവുകയും ചെയ്യുമെന്ന അവസ്ഥയിലേക്ക് ഇവിടത്തെ മാധ്യമങ്ങളിൽ ഒരു വിഭാഗം അധഃപതിച്ചിരിക്കുന്നു. പക്ഷെ എത്ര ശക്തിയോടെ നിങ്ങൾ ആക്രമിക്കുന്നുവോ അതിന്റെ നൂറിരട്ടി ശക്തിയിൽ ജനങ്ങളും വിദ്യാർത്ഥികളും എസ്എഫ്ഐയെ ഉയർത്തി നിർത്തും. എസ്എഫ്ഐ യുടെ ചരിത്രം അതാണ്.












Click it and Unblock the Notifications