ശബരിമല വിഷയത്തിൽ ഖേദംപ്രകടിപ്പിച്ച് കടകംപള്ളി; മുതലക്കണ്ണീരെന്ന് കെ.സുരേന്ദ്രൻ
ശബരിമലയിലെ യുവതിപ്രവേശനത്തിന് പിന്നാലെ അകന്നു പോയ വോട്ടുകള്‍ തിരികെ പിടിക്കുകയാണ് കടകംപള്ളിയുടെ ദുഖപ്രകടനത്തിന്റെ ലക്ഷ്യം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ദുഃഖിപ്പിച്ച സംഭവമാണ്, ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിയുടേത് കള്ളക്കരിച്ചിലാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

വിശ്വാസികളുമായി ചർച്ച ചെയ്ത ശേഷം മാത്രം തീരുമാനം
"സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്," കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കടകംപള്ളിയുടേത് മുതലക്കണ്ണീർ
കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. കഴക്കൂട്ടത്ത് തുടര്‍ച്ചയായി രണ്ടാം തവണയും വിജയം ഉറപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശബരിമല സംഭവങ്ങളില്‍ കടകംപള്ളി ദുഖം രേഖപ്പെടുത്തിയത്. ശബരിമലയിലെ യുവതിപ്രവേശനത്തിന് പിന്നാലെ അകന്നു പോയ വോട്ടുകള്‍ തിരികെ പിടിക്കുകയാണ് കടകംപള്ളിയുടെ ദുഖപ്രകടനത്തിന്റെ ലക്ഷ്യം.ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ ചർച്ചയായി ശബരിമല
ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവും ബിജെപിയും ആയുധമാക്കുന്നതിനിടെയാണ് കടകംപള്ളിയുടെ പ്രസ്താവന. ശബരിമലയിലെ യുവതീപ്രവേശ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ഉറച്ച് മുന്നേറുന്ന യുഡിഎഫും കോണ്‍ഗ്രസും കരട് നിയമം പ്രസിദ്ധീകരിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരടാണ് പുറത്തുവിട്ടത്. കേരളത്തിൽ ബിജെപിക്ക് ഏറെ നേട്ടമുണ്ടാക്കിയ വിഷയങ്ങളിലൊന്നാണ് ശബരിമല. അതുകൊണ്ട് തന്നെ ബിജെപിയും ഈ തിരഞ്ഞെടുപ്പിൽ ശബരിമല സർക്കാരിനെതിരെ പ്രചരണായുധമാക്കും.

കേസുകൾ പിൻവലിച്ച് സർക്കാർ
അതേസമയം ശബരിമല സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചിരുന്നു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവിമാർ, ജില്ലാ കളക്ടർമാർ എന്നിവരോട് ഉത്തരവിൽ പറയുന്നു.

രജിസ്റ്റർ ചെയ്തത് അയ്യായിരത്തോളം കേസുകള്‍
ശബരിമല സമരത്തിന്റെ പേരില്‍ അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാമജപ ഘോഷ യാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ നിസാര കേസുകളാണ് പിന്‍വലിക്കുന്നത്. ഇതില്‍ തന്നെ കുറ്റപത്രം നല്‍കിയ കേസുകള്‍ മാത്രമേ നിയമപരമായി പിന്‍വലിക്കാനാവൂ. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications