'കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആർഎൽവി രാമകൃഷ്‌ണനെതിരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം സത്യഭാമ
തിരുവനന്തപുരം: അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും, പ്രശസ്‌ത നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്‌ണന് എതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സത്യഭാമ നടത്തിയ പ്രസ്‌താവന വലിയ വിവാദമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും, മോഹിനിയാട്ടം കളിയ്ക്കാൻ പറ്റിയതല്ലെന്നും കലാമണ്ഡലം സത്യഭാമ പറയുന്നു.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് സത്യഭാമയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്. നിരവധി പ്രമുഖരാണ് വിഷയത്തിൽ രാമകൃഷ്‌ണനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ആർഎൽവി രാമകൃഷ്‌ണൻ തന്നെ രംഗത്ത് വന്നു. നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ തന്നെ അരോചകമാണ്' എന്നായിരുന്നു സത്യഭാമ അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ രാമകൃഷ്‌ണന്റെ നിറത്തെയും രൂപത്തെയും അവർ എടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തു.
'എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ നല്ല സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, എന്തിന് പെറ്റ തള്ള പോലും സഹിക്കില്ല' എന്നായിരുന്നു സത്യഭാമയുടെ നിരീക്ഷണം. എന്നാൽ വിവാദമായതിന് പിന്നാലെ താൻ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു സത്യഭാമയുടെ വിശദീകരണം.
വിഷയത്തിൽ ശക്തമായ ഭാഷയിൽ തന്നെയാണ് രാമകൃഷ്‌ണൻ തന്റെ പ്രതികരണം അറിയിച്ചത്. തന്റെ മികച്ചൊരു സ്ഥാപനത്തിൽ നിന്നാണ് പറ്റിച്ചിറങ്ങിയതെന്നും, ഇത്തരം ജീർണിച്ച മനസ്സുള്ളവർ കാരണം ഒരു പട്ടികജാതി കലാകാരന് ഈ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ആർഎൽവി രാമകൃഷ്‌ണൻ ആരോപിച്ചു.
ഡോ. ആർഎൽവി രാമകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം:
പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.
4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.
ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil ടോപ് സ്‌കോറർ ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്‌തു. യുജിസിയുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A ഗ്രെഡഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.












Click it and Unblock the Notifications