'മുട്ടിലും, മുതുകിലും പാടുകള്‍'; സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്:വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . ഇരു കൈ മുട്ടുകളിലും മുതുകിലും പോറലുകളുണ്ടെന്നും കണ്ടെത്തല്‍.എന്നാല്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന കൈമുട്ടുകളിലേയും മുതുകിലേയും പാടുകള്‍ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണോ സജീവന്റെ ശരീരത്തില്‍ പാടുകള്‍ ഉണ്ടായതെന്നതിനെക്കുറിച്ച് വ്യക്ത്ത വരികയുള്ളൂ.
വളരെ വേഗം പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കി. വൈകാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും. പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ നിജീഷ് അടക്കമുള്ളവരെ ഇതുവരെയും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണ്.

മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടിക്കോടതിയെ സമീപിക്കാനുള്ള നീക്കവും എസ് ഐയടക്കമുള്ളവര്‍ നടത്തുന്നതായാണ് വിവരം. അതിനിടെ, സര്‍ക്കാര്‍ സഹായം ആവിശ്യപ്പെട്ട് സജീവന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കുടുംബത്തിന്റെ ഏക അത്താണിയാണ് ഇല്ലാതായതെന്നും ഇതുവരെയുള്ള നടപടികളില്‍ തൃപ്തരാണെന്നും അമ്മ ജാനു മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നുണ്ട്. വ്യാഴാഴ്‌ച രാത്രിയാണ് കല്ലേരി സ്വദേശി സജീവൻ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് സജീവനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്‍റെ മര്‍ദനമേറ്റാണ് സജീവൻ മരിച്ചതെന്നാണ് ബന്ധുകളുടെ ആരോപണം.

സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് സജീവനെ കസ്റ്റഡിയിലെടുത്തത്.പുറത്ത് വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു.സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിലെത്തിച്ചത്.ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് സജീവൻ മരിച്ചിരുന്നു. മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐ മർദിച്ചെന്നായിരുന്നു സുഹൃത്തുക്കളുടെ ആരോപണം.പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു

എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും മുമ്പ് പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് പൊലീസ് സജീവനെ സ്‌റ്റേഷനിൽ തന്നെ ഇരുത്തുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.അതേസമയം കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷമാണ് കുഴഞ്ഞു വീണതെന്നുമാണ് പൊലീസ് അറിയിച്ചത്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് പറഞ്ഞിരുന്നു.

സംഭവത്തില്‍ എസ്‌ഐ അടക്കം മൂന്ന് പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു.കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച പറ്റി എന്ന റിപ്പോര്‍ട്ടിന്‍റെ അടസ്ഥാനത്തിലായിരുന്നു നടപടി.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.ജൂലൈ 29ന് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെകെ രമ എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications