
ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് പരാതി; കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍
കൊച്ചി: ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കി. ഇരുവരെയും കോഴിക്കോട്ടെ മതപാഠശാലയില്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ആരോപണം. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഗില്‍ബര്‍ട്ട് ആണ് പരാതിക്കാരന്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഭാര്യയെയും മകനെയും ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
നീരോല്‍പ്പാലത്ത് ടാക്‌സി ഡ്രൈവറാണ് ഗില്‍ബര്‍ട്ട്. ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാണ് ഇയാളുടെ പരാതി. ഭാര്യ ജോലി ചെയ്തിരുന്ന ബേക്കറിയുടെ ഉടമയും മറ്റൊരു ജീവനക്കാരിയുമാണ് മതംമാറ്റത്തിന് പിന്നിലത്രെ. പ്രദേശത്തെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവരെ തര്‍ബിയത്തുല്‍ ഇസ്ലാമില്‍ എത്തിച്ചതെന്നും പറയപ്പെടുന്നു. നീരോല്‍പ്പാലത്തെ സിപിഎം പ്രവര്‍ത്തകനായ തന്നെ പാര്‍ട്ടി സഹായിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി പുറത്താക്കിയെന്നും ഗില്‍ബര്‍ട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ ഒമ്പതിന് ഭാര്യയെും 13 വയസുള്ള മകനനെയും വീട്ടില്‍ നിന്ന് കാണാതായി എന്നാണ് ഗില്‍ബര്‍ട്ടിന്റെ പരാതി. യുവതിയെയും മതപാഠശാല അധികൃതരെയും തേഞ്ഞിപ്പലം പോലീസ് വിളിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോകുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മകനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മാതാവിനൊപ്പം പോകണമെന്ന് മകന്‍ പറഞ്ഞുവെന്നും പോലീസ് അറിയിച്ചു. ഗില്‍ബര്‍ട്ടും യുവതിയും നിയമപ്രകാരം വിവാഹം ചെയ്തില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.