അടിക്കടിയുണ്ടാകുന്ന തീപിടുത്തം കേന്ദ്രസർക്കാരിന്റെ പരാജയം; രൂക്ഷമായി വിമർശിച്ച് ജയരാജൻ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്ന് സി പി എം നേതാവ് എംവി ജയരാജൻ. കേന്ദ്രസർക്കാരിന്റെ പൂർണ്ണമായ പരാജയമാണ് അടിക്കടിയുണ്ടാകുന്ന തീപിടുത്തവും യാത്രക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും. എന്തിനും ഏതിനും സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ശീലം കൊണ്ടാണ് കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കും പോലെ കേരള പോലീസിനെതിരെ ബിജെപി നേതാക്കൾ തിരിയുന്നതെന്നും ജയരാജൻ വിമർശിച്ചു.
ആർപിഎഫിലും റെയിൽവെ സർവ്വീസിലും ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ് ബിജെപി നേതാക്കൾ ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, യാത്രക്കാരുടേയും തീവണ്ടികളുടേയും സുരക്ഷക്കാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ജയരാജന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം-

'കണ്ണൂർ റെയിൽവെസ്റ്റേഷനിൽ അഗ്നിക്കിരയാക്കിയ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ബോഗികൾ സന്ദർശിക്കുകയുണ്ടായി. ഇപ്പോഴും കരിഞ്ഞ ഗന്ധം അവിടെങ്ങളിലെല്ലാം ഉണ്ട്.സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുകയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം. റെയിൽവെയുടെ സുരക്ഷാ ചുമതലയ്ക്കായിട്ടാണ് കേന്ദ്രസർക്കാർ റെയിൽവെ സംരക്ഷണസേന രൂപീകരിച്ചത്. കേന്ദ്രസർക്കാരിന്റെ പൂർണ്ണമായ പരാജയമാണ് അടിക്കടിയുണ്ടാകുന്ന തീപിടുത്തവും യാത്രക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും.
ഏലത്തത്തൂർ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് നാട് മാറിയിട്ടില്ല.യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് തീവച്ചതെങ്കിൽ പലരുടെയും ജീവൻ നഷ്ടപെടുമായിരുന്നു.റെയിൽവെയുടെ സുരക്ഷാ വീഴ്ചയിൽ സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ബി ജെ പി നേതാക്കളുടെ പ്രതികരണം അവരെ പരിഹാസ്യരാക്കി തീർക്കുന്നു. എന്തിനും ഏതിനും സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ശീലംകൊണ്ടാണ് കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കും പോലെ കേരളപോലീസിലെ ബി ജെ പി നേതാക്കൾ കുറ്റപ്പെടുത്തിയത്. കേസ് ഫലപ്രദമായി അന്വേഷിക്കലാണ് കേരളാപോലീസിന്റെ ജോലി.ആ ജോലിഏലത്തൂരിൽ ദിവസങ്ങൾക്കകം പ്രതിയെ പിടികൂടി സുതർഹ്യമായി കേരളാ പോലീസ് നിർവ്വഹിക്കയുണ്ടായി. അതുപോലെ കണ്ണൂരിൽ ഒരാളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.എന്നിട്ടും സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചവരാണ്.
ആർ പി എഫിലും റെയിൽവെ സർവ്വീസിലും ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ് ബിജെപി നേതാക്കൾ ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യാത്രക്കാരുടെയും തീവണ്ടികളുടെയും സുരക്ഷക്കാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണം'.












Click it and Unblock the Notifications