ചെന്നിത്തലയെ ഒറ്റപ്പെടുത്തില്ല; നിയമം പാസാക്കുന്നത് ഷോക്കേസില്‍ വെക്കാനാണോയെന്ന് സതീശന്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത തള്ളിയ സാഹചര്യത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്തയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി എന്നതിന്റെ പേരില്‍ ചെന്നിത്തലയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തുള്ള എല്ലാവരുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല കേസ് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രതിപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ചെന്നിത്തല കേസ് കൊടുത്തത്. വി സി പുനര്‍നിയമത്തില്‍ മന്ത്രി കത്തെഴുതിയാല്‍ സ്വീകരിക്കേണ്ട ബാധ്യത ചാന്‍സലറായ ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ചെയ്തതും നിയമവിരുദ്ധമായ കാര്യമാണ്. മന്ത്രിയും ചാന്‍സലറും ഒരു പോലെ തെറ്റു ചെയ്തു', സതീശന്‍ പറഞ്ഞു. പ്രോ വി സി എന്ന നിലയിലാണ് മന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് കൊടുത്തതെന്നും അങ്ങനെയെങ്കില്‍ ഗവര്‍ണറും മന്ത്രിയും കൂടി വി സിയെ നിയമിച്ചാല്‍ പോരെയെന്നും സതീശന്‍ ചോദിച്ചു.

നിയമസഭ നിയമം പാസാക്കുന്നത് ഷോക്കേസില്‍ വെക്കാനാണോ? പ്രതിപക്ഷം ലോകായുക്തയെ അല്ല ലോകായക്ത വിധിയെ ആണ് വിമര്‍ശിക്കുന്നതെന്നും എതിരായി വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത് സി പി ഐ എമ്മാണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സംസ്‌കാരമല്ല യു ഡി എഫിനും കോണ്‍ഗ്രസിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ബിന്ദുവിനെതിരെ ഉന്നയിച്ച വാദങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതടക്കമുള്ള വാദങ്ങള്‍ നൂറു ശതമാനവും വസ്തുതാപരമാണെന്നും അതിപ്പോഴും പ്രസക്തവുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
വെള്ളിയാഴ്ചയാണ് കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍ നിയമനക്കേസില്‍ ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കിയത്. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത നിരീക്ഷിച്ചു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ ആര്‍ ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായ വഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണറുടെ ഓഫീസിനെതിരേയും ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടിയിരുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ച് കാര്യങ്ങള്‍ വ്യക്തത വരുത്താമായിരുന്നുവെന്നും ലോകായുക്ത വിധിയില്‍ പറയുന്നുണ്ട്. മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ആര്‍ ബിന്ദുവിനെതിരായി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ചെന്നിത്തല പ്രധാനമായും ഉന്നയിച്ചിരുന്നത്.












Click it and Unblock the Notifications