Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം 59 കിലോ നഷ്ടം; കര്‍ണാടകയില്‍ കള്ളന്മാര്‍ വിലസുന്നു, കേരള പോലീസിന്റെ മികവ് ചര്‍ച്ച

ബാങ്ക് കൊള്ളക്കാർ കർണാടകയിൽ വിലസുകയാണ്. ആറ് മാസത്തിനിടെ നടന്നത് എണ്ണം പറഞ്ഞ നിരവധി കവർച്ചകൾ. രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് ജീവൻ പോയ ബീദറിനും മംഗളുരുവിലെ ഉള്ളാളിനും പുറമെ ഇപ്പോഴിതാ വിജയപുരയിലും. കാനറാബാങ്കിന്റെ മണഗുളി ബ്രാഞ്ചിൽ നിന്ന് മോഷ്ടാക്കൾ അടിച്ചു കൊണ്ടു പോയത് കോടികൾ വിലമതിക്കുന്ന 59 കിലോ സ്വർണവും 5ലക്ഷത്തിലധികം രൂപയും. മേയ് 23നോ 24 നോ ആകും മോഷണം നടന്നിട്ടുണ്ടാവുക എന്നാണ് ആദ്യനിഗമനം.

അപ്പോഴും മാസാവസാനം നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്ര വലിയ മോഷണം നടന്നതായി മനസ്സിലായത് എന്നതാണ് ആര് എങ്ങനെ മോഷ്ടിച്ചു, സ്വർണം എവിടെ ഒളിപ്പിച്ചു എന്നതിനൊപ്പം ചോദ്യമായി പൊലീസിന് മുന്നിൽ നിൽക്കുന്നത്. വമ്പൻ കവർച്ചകളിലൊന്ന് അങ്ങനെ മുന്നിൽ നിൽക്കുമ്പോൾ കർണാടക പൊലീസിന് ആത്മവിശ്വാസം വരണമെങ്കിൽ ദാ ഇങ്ങോട്ട് നോക്ക് എന്ന മട്ടിലാണ് കേരള പൊലീസ് നിൽക്കുന്നത്. കാര്യം നിസ്സാരം. രാജ്യത്തെ തന്നെ വലിയ കവർച്ചാക്കേസാണ് പുട്ടു പോലെ കേരള പൊലീസ് പരിഹരിച്ചത്.

karnataka bank robbery-

മലപ്പുറം ചേലമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്ന് 2007 ഡിസംബറിൽ മോഷണം പോയത് 80 കിലോ സ്വർണമായിരുന്നു. പിന്നെ 25ലക്ഷം രൂപയും. കള്ളൻമാരെ പിടികൂടിയെന്നും മോഷണമുതലിൽ 80 ശതമാനവും പിടിച്ചെടുത്തെന്നും കേരള പൊലീസ് അറിയിച്ചത് 2008 ഫെബ്രുവരിയിൽ. രണ്ട് മാസം കൊണ്ട് കേസ് തെളിയിച്ചു കേരള പൊലീസിലെ വമ്പൻമാർ.

സിനിമാക്കഥയായിരുന്നു ചേലമ്പ്രയിൽ കണ്ടത്. ഷെർലക് ഹോംസിന്റെ Red-Headed League എന്ന ചെറുകഥ വേണമെങ്കിൽ പ്രചോദനമായി എന്നും കരുതാം. ( പ്രചോദനം വേറെയാണെന്ന് പിന്നീട് തെളിഞ്ഞു!). രണ്ട് നില കെട്ടിടത്തിന് മുകളിലായിരുന്നു ഗ്രാമീൺ ബാങ്കിന്റെ ശാഖ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു ഹോട്ടലായിരുന്നു. കുറച്ച് കാലമായി അടഞ്ഞ് കിടന്നിരുന്ന ഹോട്ടൽ ഒരു നാലംഗസംഘമെത്തി വാടകക്ക് എടുക്കുന്നു. അറ്റകുറ്റപ്പണികൾ തുടങ്ങുന്നു. പുതിയ മേശകളും കസേരകളും എത്തുന്നു. പൊടി പറക്കാതിരിക്കാനും ശബ്ദം കേൾക്കാതിരിക്കാനും ജനലും വാതിലുമെല്ലാം അടച്ചിട്ട് പണി തുടരുന്നു . ജനുവരി 8ന് നടക്കാനിരിക്കുന്ന ഉദ്ഘാടനത്തിന്റെ പ്രതീക്ഷയിലായി നാട്ടുകാർ. വൃത്തിക്കും മെനക്കും പണി നന്നായി ചെയ്യുന്ന ചെറുപ്പക്കാർ എന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തു.

പക്ഷേ ചേലമ്പ്രക്കാരുടെ ന്യൂ ഇയർ സർപ്രൈസ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2007ലെ അവസാനപ്രവർത്തിദിവസമായ 31 തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോൾ. സ്ട്രോങ് റൂമിലെ ലോക്കറുകൾ തകർക്കപ്പെട്ടിരിക്കുന്നു. അടിഭാഗം തുരന്ന് ലോക്കറുകളിലെ സ്വർണവും പണവും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിവിദഗ്ധമായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവർച്ച. ഹോട്ടലിന്റെ നവീകരണമല്ല, സ്ട്രോങ് റൂമിലേക്കുള്ള വഴി തുറക്കലായിരുന്നു നടന്നത് എന്നറിഞ്ഞ നാട്ടുകാർ മൂക്കത്ത് വിരൽ വെച്ചു. പൊലീസുകാർ ഹോട്ടലിലും സ്ട്രോങ് റൂമിലുമെല്ലാം പല കുറി വിശദമായി പരിശോധിച്ചു. വിരലടയാളങ്ങളില്ല. ഒരു തുമ്പുമില്ല. തെളിവുകളില്ലെന്ന് മാത്രമല്ല. തെറ്റിദ്ധരിപ്പിക്കാൻ നല്ല സമർത്ഥമായ ശ്രമങ്ങളും. ജയ് മാവോ എന്നെഴുത്ത്. ഹൈദരാബാദിലെ ഹോട്ടലിൽ കണ്ടെത്താൻ പാകത്തിൽ കുറച്ച് സ്വർണം. തലങ്ങും വിലങ്ങും നാടാകെ ഫോൺവിളികൾ. അങ്ങനെ സമർത്ഥൻമാരായ കള്ളൻമാരുടെ ചില സ്പെഷ്യൽ കള്ളക്കളികൾ.

നാടു ഞെട്ടിയ കവർച്ച അന്വേഷിക്കാൻ മലപ്പുറം എസ് പി ആയിരുന്ന പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം. പ്രത്യേകം ടീമുകളായി തിരിഞ്ഞു. എഡിജിപി കെ എസ് ജങ് പാങ്ങി മേൽനോട്ടം വഹിച്ചു. തൊട്ടടുത്ത പഞ്ചായത്തുകളിലെ സാധാരണക്കാർ സൂക്ഷിക്കാൻ ഏൽപിച്ച സ്വത്തും സ്വപ്നങ്ങളുമാണ് നാനാവിധമായി പോയത്. അത് നേരെയാക്കണമെന്ന ഉത്സാഹത്തിൽ ടീമാകെ ഉണർന്ന് പ്രവർത്തിച്ചു, ദശലക്ഷക്കണക്കിന് ഫോൺ കോളുകൾ പരിശോധിക്കാൻ തുടങ്ങി. നാട്ടുകാരോട് സംസാരിച്ച് സംസാരിച്ച് ഹോട്ടൽ നടത്താനെത്തിയവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി.

അങ്ങനെ ക്ഷമാപൂർവം ഒരിട വെറുതെയിരിക്കാതെ നടത്തിയ പരിശ്രമത്തിനൊടുവിൽ ആദ്യ ലീഡ്. കള്ളൻമാർ പരസ്പരം വിളിക്കാനുപയോഗിച്ച രഹസ്യഫോൺ. പിന്നെ അതിന് പിന്നാലെ അന്വേഷണം. ഒടുവിൽ കോഴിക്കോട്ടെ ഒരു വീട്ടിൽ പൊലീസെത്തി. നാല് കള്ളൻമാരും പിടിയിൽ. മോഷണമുതലിന്റെ 80 ശതമാനവും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ബാക്കിയുള്ളത് എവിടെയന്ന് കള്ളൻമാർ തന്നെ പറഞ്ഞു കൊടുത്തു. എല്ലാം കൃത്യമായി അന്വേഷിച്ച് വ്യക്തമാക്കിയതിന് ശേഷം എഡിജിപി ജങ് പാങ്ങി ലോകത്തോട് പറഞ്ഞു. ഞങ്ങൾ കേസ് തെളിയിച്ചിരിക്കുന്നു. അപ്പോൾ ആ മോഷണം നടന്നിട്ട് രണ്ട് മാസം തികഞ്ഞിരുന്നില്ല.

രാജ്യത്തിന്റെ അന്വേഷണചരിത്രത്തിൽ കേരള പൊലീസ് എഴുതി ചേർത്ത പുതിയ ഏട് പുസ്തകമായി. സിനിമയാക്കാൻ ചർച്ചകൾ നടന്നു. ഇപ്പോഴും എവിടെയെങ്കിലും ബാങ്ക് കവർച്ച നടക്കുമ്പോൾ ചേലമ്പ്ര ചർച്ചയാകും. കാരണം ആ മോഷണം അതിസമർത്ഥമായിരുന്നു. ആ നാൽവർ സംഘത്തിന് നല്ല ആസൂത്രണമികവുണ്ടായിരുന്നു. ക്ഷമയും. പക്ഷേ നമ്മുടെ പൊലീസ് അതുക്കും മേലെ ആയിരുന്നു. പതുക്കെ പതുക്കെ എന്നാൽ ഒരിക്കൽ പോലും ഒരണു പോലും വിട്ടുവീഴ്ച ചെയ്യാതെ ഉപേക്ഷ വിചാരിക്കാതെ ഓരോ സൈഡിൽ നിന്ന് വല നെയ്തുകൂട്ടി അവരെ വീഴ്ത്തി. ഒരു നാടിന് ആശ്വാസത്തിന്റെ ദീർഘനിശ്വാസം സമ്മാനിച്ചു.

അതു കൊണ്ട് കർണാടക പൊലീസേ....ഉപദേശിക്കുകയാണെന്ന് കരുതരുത്. എന്നാലും പറയട്ടെ, എന്തേലും ടിപ് വേണേൽ കേരള പൊലീസ് ഇവിടുണ്ട്. സംസ്ഥാനം കണ്ട ഏറ്റവും വലിയ കവർച്ച പുട്ടുപോലെ പരിഹരിച്ചവർ

വാൽക്കഷ്ണം
ഷെർലക് ഹോംസിന്റെ Red-Headed League ആയിരുന്നില്ല, ജോൺ എബ്രഹാമും അഭിഷേക് ബച്ചനും അഭിനയിച്ച ധൂം എന്ന സിനിമയായിരുന്നത്രേ മോഷണത്തിന് പ്രചോദനം. നാൽവർസംഘത്തിലെ കേമൻ ആയിരുന്ന ജോസഫ് എന്ന ജെയ്സൺ എന്ന ബാബു അങ്ങനെയാണ് പൊലീസിനോട് പറഞ്ഞത്. രാഗേഷ് എന്ന ഷിബു, രാധാകൃഷ്ണൻ, കനകേശ്വരി എന്നിവരായിരുന്നു മറ്റ് പ്രതികൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+