Exit Poll Karnataka: പ്രീപോളില്‍ ബിജെപിക്കൊപ്പം നിന്ന സീ ന്യൂസും കളം മാറ്റി: എക്സിറ്റ് പോളില്‍ കോണ്‍ഗ്രസ്
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന സൂചന നല്‍കി സീ ന്യൂസ്-മാട്രൈസ് എക്സിറ്റ് പോള്‍. 103 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. 113 സീറ്റുകളാണ് കർണാടകയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ ഭരണ കക്ഷിയായ ബി ജെ പി 79- മുതല്‍ 94 വരെ സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവ്വെ അവകാശപ്പെടുന്നു.
2018 ലെ തിരഞ്ഞെടുപ്പില്‍ കിങ് മേക്കറായി മാറിയ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് 25 മുതല്‍ 33 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷ സഖ്യ തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ജെ ഡി എസ് തീരുമാനം ഇത്തവണയും നിർണ്ണായകമാവും. മറ്റുള്ളവർ രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ വിജയിക്കുമെന്നും സീ ന്യൂസ് - മാട്രൈസ് സർവ്വെ പ്രവചിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു സീ ന്യൂസ്-മാട്രൈസ് പ്രീ പോള്‍ സർവെ അവകാശപ്പെട്ടിരുന്നത് എന്നതാണ് ശ്രദ്ധേയം. ബി ജെ പിക്ക് 103 മുതല്‍ 115 വരെ സീറ്റാണ് പ്രീപോള്‍ സർവ്വേയില്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസിന് 79 മുതല്‍ 91 വരെ സീറ്റും ജെ ഡി എസിന് 26 മുതല്‍ 36 വരെ സീറ്റും ലഭിച്ചേക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിനാണ് സർവ്വേ ആശ്വാസം നല്‍കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ബി ജെ പിയുടെ പ്രതീക്ഷ അവർക്ക് കഴിഞ്ഞ തവണകളില്‍ വലിയ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളാണ്. കോണ്‍ഗ്രസുമായി നേരിട്ട് മത്സരിക്കുന്ന 63 ശതമാനം സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ബി ജെ പി വിജയിച്ചത്. അതേസമയം കോണ്‍ഗ്രസിന് സംബന്ധിച്ചാവട്ടെ നേരിയ മാർജിനില്‍ വിജയിച്ച മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ കൂടുതലായിരുന്നു. എന്നാല്‍ ഇത്തവണ 140 ന് മുകളില്‍ സീറ്റ് കർണാടകയില്‍ തങ്ങള്‍ക്ക് ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.












Click it and Unblock the Notifications