''രേഖകള്‍ ഹാജരാക്കി, ഇനി വിളിപ്പിച്ചാലും പോകും, തെറ്റ് ചെയ്തിട്ടില്ല''; ഇഡി ചോദ്യം ചെയ്യലില്‍ എസി മൊയ്തീന്‍
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും എം എല്‍ എയുമായ എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും പൂര്‍ണമായും സഹകരിക്കുമെന്നും മൊയ്തീന്‍ അറിയിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും എ സി മൊയ്തീന്‍ ആവര്‍ത്തിച്ചു. വീണ്ടും വിളിപ്പിച്ചാല്‍ ഹാജരാകും എന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് മൊയ്തീനെ ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചത്. തനിക്ക് യാതൊരു ആത്മവിശ്വാസക്കുറവുമില്ല എന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പൂര്‍ണബോധ്യം തനിക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആ ബോധ്യത്തിന്റെ ഭാഗമായി തന്നെയാണ് ഇ ഡിയുടെ റെയ്ഡില്‍ സഹകരിച്ചതും അവരാവശ്യപ്പെട്ടപ്പോള്‍ വന്നതെന്നും മൊയ്തീന്‍ ചൂണ്ടിക്കാട്ടി.

'ഭാര്യയുടെയും മകളുടേതുമായി രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനെതിരെ കത്തു നല്‍കിയിട്ടുണ്ട്. ഇന്ന് നല്‍കിയ രേഖകള്‍ പരിശോധിച്ച ശേഷം അവ മാറ്റുന്നതില്‍ തീരുമാനമാക്കാം എന്ന് ഇ ഡി അധികൃതര്‍ അറിയിച്ചിട്ടുണ്ട്,' എ സി മൊയ്തീന്‍ വ്യക്തമാക്കി. ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ച വിളിപ്പിച്ചിട്ടില്ല എന്നും ഇ ഡിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ രണ്ട് വട്ടം ഹാജരാകണം എന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മൊയ്തീന്‍ ഹാജരായിരുന്നില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ഇ ഡി ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായത്. പാര്‍ട്ടി നിര്‍ദേശവും നിയമോപദേശവും കണക്കിലെടുത്താണ് തിങ്കളാഴ്ച മൊയ്തീന്‍ ഇന്നു ഹാജരായത്. പത്ത് വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണം എന്ന് ഇ ഡി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ വ്യാജ സ്വര്‍ണ ഉരുപ്പടികളും വ്യാജ വസ്തു രേഖകളും ഈട് വെച്ച് കോടികളുടെ ബെനാമി വായ്പകളെടുത്തവരെ കണ്ടെത്തി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇ ഡി. ഇതില്‍ പലര്‍ക്കും എ സി മൊയ്തീന്റെ ശുപാര്‍ശ പ്രകാരമാണു ബിനാമി വായ്പകള്‍ അനുവദിച്ചത് എന്നാണ് ആരോപണം. 25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേര്‍ മൊയ്തീന്റെ ബെനാമികളാണെന്നാണ് ആരോപണം.












Click it and Unblock the Notifications