കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; സിപിഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
തൃശൂർ: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി പി എമ്മിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി. സി പി എം ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ അടക്കം 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് മരവിപ്പിച്ചത്. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടും.

സി പി എമ്മിന്റെ കൂടാതെ കരുവന്നൂരില്‍ നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ച ഒന്‍പതു വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. 29 കോടിയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്. അതേസമയം സ്വത്തുക്കൾ കണ്ടുകെട്ടിയത് സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് കഴിഞ്ഞാഴ്ച ഇഡി ഹൈക്കോടതിയിൽ പറഞ്ഞത്. രാഷ്ട്രീയക്കാരും പോലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറഞ്ഞു. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലായിരുന്നു ഇഡി വിശദീകരണം. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. 312 കോടി രൂപയുടെ നിക്ഷേപമുള്ള കരുവന്നൂര്‍ ബാങ്കില്‍ 300 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച ഒമ്പതംഗ ഉദ്യോഗസ്ഥ സമിതി കണ്ടെത്തല്‍.












Click it and Unblock the Notifications