2021 ല്‍ ഇടത് ഭൂരിപക്ഷം 1.5 ലക്ഷം വരെ: കാസർകോട് കോട്ട തിരികെ പിടിക്കുമോ സിപിഎം
കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസർകോട് തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങള്‍ സജീവമാക്കി സി പി എം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ ഏത് വിധേനയും വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പാർട്ടി അടിത്തട്ട് മുതല്‍ പ്രവർത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയായി ചില പേരുകള്‍ ഉയർന്ന് വന്നിട്ടുണ്ടെങ്കിലും അത്തരം ചർച്ചകളിലേക്ക് കടക്കാതെ സംഘടന പ്രവർത്തനം സജീവമാക്കാനുള്ള നിർദേശമാണ് ഔദ്യോഗികമല്ലാതെ പ്രാദേശിക നേതാക്കള്‍ക്ക് കിട്ടിയ നിർദേശം.
മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി തുടങ്ങിയ നിയമസഭ മണ്ഡലങ്ങളാണ് കാസർകോട് ലോക്സഭ മണ്ഡലത്തിന് കീഴിലുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്ക് എടുക്കുമ്പോള്‍ സി പി എമ്മിന് ആശങ്കപ്പെടാനൊന്നുമില്ല. ഏഴില്‍ അഞ്ച് മണ്ഡലങ്ങളും ഇടത് മണ്ഡലങ്ങളാണ്. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് വന്നപ്പോള്‍ കഴിഞ്ഞ തവണ കാര്യങ്ങള്‍ നേരെ മാറി മറയുകയായിരുന്നു.

മഞ്ചേശ്വരത്ത് 745 വോട്ടിന്റേയും കാസർകോട് 12901 വോട്ടിന്റെയും ഭൂരിപക്ഷം മാത്രമാണ് യു ഡി എഫിനുള്ള ഭൂരിപക്ഷം. ഇടത് മണ്ഡലങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഉദുമ (13332), കാഞ്ഞങ്ങാട് (27139), തൃക്കരിപ്പൂർ (26137), പയ്യന്നൂർ (49780), കല്യാശ്ശേരി ( 44393) എന്നിങ്ങനെയാണ് ഇടത് മണ്ഡലങ്ങളിലെ ഭൂരിപക്ഷം. അതായത് ലോക്സഭ മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഇടത് ഭൂരിപക്ഷം 147135 വരും.
സതീഷ് ചന്ദ്രന്‍, വിപിപി മുസ്തഫ എന്നീ രണ്ട് പേരുകളാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ തവണയും സതീഷ് ചന്ദ്രനായിരുന്നു സി പി എം സ്ഥാനാർത്ഥി. 40438 വോട്ടുകളുടെ ഭൂരിക്ഷത്തിനായിരുന്നു സി പി എമ്മിലെ കെപി സതീശ് ചന്ദ്രനെ യു ഡി എഫിനെ വേണ്ടി മത്സരിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. ജനകീയനായ നേതാവ് എന്നതാണ് ഇത്തവണയും സതീഷ് ചന്ദ്രന്റെ സാധ്യത വർധിപ്പിക്കുന്നത്.
വിപിപി മുസ്തഫയുടെ പേരും ചർച്ചകളില്‍ സജീവം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫ ആ സ്ഥാനം രാജിവെച്ചതോടെയാണ് അദ്ദേഹം കാസർകോട് നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
ഇത്തവണയും യു ഡി എഫിന് വേണ്ടി ഉണ്ണിത്താന്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
രൂപീകൃതമായ കാലം തൊട്ട് തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാസർകോട്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 1967 വരേയുള്ള മൂന്ന് ടേമുകളില്‍ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ എകെജെ മണ്ഡലത്തില്‍ നിന്നും വിജയിച്ച് പാർലമെന്റിലെത്തി. ആദ്യ ലോക്സഭയില്‍ കാസർകോടിന്റെ പ്രതിനിധിയായിട്ടാണ് അനൌദ്യോഗികമായിട്ടാണെങ്കിലും എകെജി പ്രതിപക്ഷ നേതാവായത്.
1971 ലാണ് മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിക്കുന്നത്. ഇന്നത്തെ കേരള കോണ്‍ഗ്രസ് എസ് നേതാവും അന്നത്തെ തീപ്പൊരി യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു വിജയി. 1977 ലും മണ്ഡലത്തില്‍ വിജയിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സാധിച്ചു. എന്നാല്‍ 1980 ല്‍ രമണ റായിയിലൂടെ സി പി എം മണ്ഡലം തിരികെ പിടിച്ചു. അതിന് ശേഷം 2019 ല്‍ മാത്രമാണ് സി പി എമ്മിന് മണ്ഡലം നഷ്ടമാവുന്നത്. 1996 മുതല്‍ 99 വരെ മൂന്ന് തവണ ടി ഗോവിന്ദനും 2004 മുതല്‍ 2014 വരെ മൂന്ന് തവണ പി കരുണാകരനുമായിരുന്നു വിജയി.












Click it and Unblock the Notifications