പള്‍സര്‍ സുനി എന്തിന് ലക്ഷ്യയില്‍ വന്നു? കാവ്യമാധവനെ കോടതിയിലെത്തിച്ചത് കുറ്റപത്രത്തിലെ ഈ ഭാഗങ്ങള്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ എന്തിന് കോടതിയില്‍ ഹാജരാകണം എന്ന ചോദ്യം പ്രധാനമാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ചില ഭാഗങ്ങളാണ് കാവ്യയെ കോടതി വിസ്തരിക്കാന്‍ കാരണം. ഇന്ന് കാവ്യ മാധവന്‍ കോടതിയിലെത്തിയത് ഉച്ചയ്ക്ക് മുമ്പായാണ്. കോടതിക്ക് അകത്ത് നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കുണ്ട്.
350ഓളം സാക്ഷികളുള്ള കേസില്‍ 180ഓളം സാക്ഷികളെ മാത്രമേ ഇതുവരെ വിസ്തരിച്ചിട്ടുള്ളൂ. വിചാരണ തീരാന്‍ ഇനിയും സമയമെടുക്കുമെന്ന് ചുരുക്കം. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ...

കാവ്യ മാധവന്‍ നേരത്തെയും വിചാരണ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ അന്ന് വിസ്താരത്തിന് സാധിച്ചില്ല. മറ്റു ചില സാക്ഷികളെ കൂടി വിസ്തരിക്കാനുള്ളതിനാല്‍ കാവ്യയുടെ വിസ്താരം നീട്ടിവയ്ക്കുകയാണ് ചെയ്തത്. ഘട്ടങ്ങളായി എല്ലാ സാക്ഷികളെയും വിസ്തരിക്കുകയാണ് കോടതി. ഇനിയും 100ലധികം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്.

പ്രതികളില്‍ ചിലരുടെ സഹകരണമില്ലായ്മ, കൊവിഡ് ഭീതി എന്നിവ കാരണമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വൈകുന്നത്. ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. എന്നാല്‍ സമയം നീട്ടിവേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് മുമ്പും വിചാരണ കോടതി സമയം നീട്ടി ചോദിച്ചിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന കേസിലെ മാപ്പ് സാക്ഷി വിഷ്ണുവിനെ കോടതി നിര്‍ദേശ പ്രാകാരം പോലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞാഴ്ച ഹാജരാക്കി. ഇയാള്‍ നേരത്തെ പത്താം പ്രതിയായിരുന്നു. പിന്നീട് തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞ് മാപ്പ് സാക്ഷിയാകുകയായി. ജാമ്യം ലഭിച്ച ശേഷം ഹാജാരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തില്ല. തുടര്‍ന്നാണ് പോലീസ് ഇടപെടല്‍ വേണ്ടി വന്നത്.

കാവ്യമാധവനെയും കുടുംബത്തെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നാണ് കാവ്യ പോലീസിന് നല്‍കിയ മൊഴി. അതേസമയം, അന്വേഷണ സംഘം കാവ്യയുമായി ബന്ധപ്പെടുന്ന ചില കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് അവരെ കോടതിയില്‍ സാക്ഷിയായി എത്തിച്ചത്.

കാവ്യയുടെ പേരില്‍ കൊച്ചിയില്‍ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ലക്ഷ്യയില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഇതിന് തെളിവായി ചില സിസിടിവി രേഖകളും ഹാജരാക്കിയിരുന്നു എന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നത്. ഇത് കേസില്‍ വളരെ നിര്‍ണായകമാണ്.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

കാവ്യയുടെയും ദിലീപിന്റെയും വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിന് പകയുണ്ടാകാനുള്ള കാരണങ്ങളും അന്വേഷണ സംഘം വിശദീകരിക്കുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. നേരത്തെ സിനിമാ മേഖലയിലുള്ള ചില സാക്ഷികള്‍ കൂറുമാറിയിരുന്നു.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.












Click it and Unblock the Notifications