അനാവശ്യമായ ഇടപെടലെന്ന് ഗ്രൂപ്പുകള്‍: തിരിച്ചടിച്ച് കെസി വേണുഗോപാല്‍, പൊട്ടിവീണ നേതാവല്ല
ദില്ലി: കെപിസിസി ഭാരവാഹി പട്ടിക എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് എപ്പോള്‍ എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. തര്‍ക്കം പരിഹരിക്കാന്‍ തീവ്രശ്രമമാണ് നേതൃതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിലര്‍ക്ക് മാത്രം മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനുള്ള നീക്കമാണ് തര്‍ക്കത്തിന് ഇടയാക്കിയിരിക്കുന്നത്.
മുന്‍ ഡിസിസി പ്രസിഡന്റുമാരായിരുന്ന ആരേയും കെ പി സി സി ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ചിലര്‍ക്ക് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ഇടപെടലുകള്‍ ഉണ്ടാവുകയും മറുവിഭാഗം ഇതിനെതിരെ ശക്തമായി രംഗത്ത് എത്തുകയുമായിരുന്നു.

മുന്‍ ഡി സി സി പ്രസിഡന്റുമാരായ എംപി വിന്‍സന്റ്, യു രാജീവന്‍ എന്നിവര്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനായിരുന്നു നീക്കമെന്നാണ് സൂചന. ഇതിനായി എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെടല്‍ നടത്തുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിക്കുന്നത്.

കെ പി സി സി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താന്‍. പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ തയ്യാറാക്കുന്നതില്‍ അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞു. ഇതിന് പിന്നാലെ വേണുഗോപാലിനെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

കെ പി സി സി പുനഃസംഘടനയില്‍ എ ഐ സി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി ഇടപെടലുകള്‍ നടത്തുന്നുവെന്നായിരുന്നു ഗ്രൂപ്പുകളുടെ ആരോപണം. ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായി. ദില്ലിയിലെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി തീരുമാനങ്ങളില്‍ ഇത്തരത്തില്‍ കൈ കടത്തുന്നതിനെ നീതികരിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ പുനഃസംഘടന പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. അവര്‍ നല്‍കുന്ന പേരുകള്‍ എത്രയും പെട്ടന്ന് ഹൈക്കമാന്‍ഡിനെ കൊണ്ട് അംഗീകരിപ്പിച്ച് നല്‍കുക എന്നത് മാത്രമാമ് തന്റെ ചുമതല. എന്നാല്‍ ഇപ്പോള്‍ എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ തുറന്നടിക്കുന്നു.

അതേസമയം പട്ടികയെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടെന്ന് ദില്ലിയില്‍ നിന്ന് മടങ്ങിയ കെ സുധാകരനും വ്യക്തമാക്കി. നിലവിലെ പട്ടികയില്‍ തര്‍ക്കങ്ങളുണ്ട്. എങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം പട്ടിക പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അന്തിമ പട്ടിക കൈമാറുന്നതിനായിട്ടായിരുന്നു സുധാകരന്‍ ദില്ലിക്ക് പോയത് എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇതിന് സാധിച്ചില്ല.
Recommended Video

തര്‍ക്ക പരിഹാരത്തിനായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചര്‍ച്ച നടത്തും. മാനദണ്ഡങ്ങളില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന കര്‍ശന നിലപാടില്‍ തന്നെയാണ് ഗ്രൂപ്പുകള്‍. ഇളവ് ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ അത് വനിതകളുടെ കാര്യത്തില്‍ മാത്രം മതിയെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications