പുഷ്പ വോട്ടുചെയ്യുന്നു.... എന്നും ഇവിടെത്തന്നെ
കോഴിക്കോട്: കഴിഞ്ഞ 40 വര്‍ഷമായി തന്റേതല്ലാത്തൊരു ബൂത്തില്‍ വോട്ട് ചെയ്യുന്നൊരു സ്ത്രീയുണ്ട് കോഴിക്കോട് ചേവായൂര്‍ ലെപ്രസി ഹോസ്പിറ്റലില്‍. വയനാട് പുല്‍പ്പള്ളിയിലെ പുഷ്പ വോട്ടുചെയ്യുന്നത് കുഷ്ഠരോഗാസ്പത്രിയിലെ ബൂത്തിലാണ്. ചെറുപ്രായത്തില്‍ത്തന്നെ കൈവിരലുകള്‍ അടര്‍ന്നുപോകുന്ന അസുഖം ബാധിച്ചാണ് പുഷ്പ കോഴിക്കോട്ടെത്തുന്നത്. ചേവായൂരിലെ ലെപ്രസി ഹോസ്പിറ്റലില്‍ അന്നു താമസം തുടങ്ങിയതാണിവര്‍.

അസുഖം ഭേദമായെങ്കിലും ആരും തിരിച്ചുകൊണ്ടുപോയില്ല. നീണ്ട ആശുപത്രിവാസത്തിനിടയില്‍ ഇതേ ആശുപത്രിയില്‍ അന്തേവാസിയായിരുന്നൊരാള്‍ പുഷ്പയുടെ ജീവിതപങ്കാളിയായി. അവശതകള്‍ കാരണം വൈകാതെ അദ്ദേഹവും പുഷ്പയെ വിട്ടുപിരിഞ്ഞു. നാട്ടിലേയ്ക്കു തിരിച്ചുപോകാന്‍ ആഗ്രഹമില്ലേ എന്നു ചോദിച്ചാല്‍ പുഷ്പ പറയും- എല്ലാ സൗകര്യങ്ങളും ഇവിടെയല്ലേ, പിന്നെന്തിനാ പോകുന്നതെന്ന്. ഇത് പറയുമ്പോള്‍ ആ നെഞ്ചകത്തെ വേദനയും ആ കണ്ണുകളിലെ ആകുലതയും നമുക്ക് വായിച്ചെടുക്കാം.

കയ്‌പേറിയ ജീവിതാനുഭവങ്ങള്‍ക്കിടയിലും ഉത്തരവാദിത്തങ്ങള്‍ മറന്നുപോകുന്നില്ല പുഷ്പയെന്ന ഈ 50കാരി. കൃത്യമായി എല്ലാ വര്‍ഷവും വോട്ടു ചെയ്യുന്നു. സ്വയം വോട്ടുചെയ്യുക മാത്രമല്ല മറ്റുള്ളവരെ വോട്ടു ചെയ്യിക്കുകയും ചെയ്യുന്നു. മഷി പുരട്ടാന്‍ വിരലുകളില്ലെങ്കിലും നമ്മുടെ നാടിന്റെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി അവരതില്‍ ആനന്ദം കണ്ടെത്തുന്നു.












Click it and Unblock the Notifications