സിപിഎമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും; നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കട്ടെ- മുരളീധരന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ബിജെപിക്ക് കേരളത്തില്‍ ആദ്യമായി ലഭിച്ച ഈ മണ്ഡലം എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നു ഇടതു ക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ശക്തമായ പ്രതികരണവുമായി നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ രംഗത്തുവന്നിരിക്കുകയാണ്. നേമത്ത് ജയിച്ചാല്‍ ഇനി പാര്‍ലമെന്റിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടു പ്രചാരണം
കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രണ്ടു പ്രചാരണമാണ് ഇടതുപക്ഷം നേമം മണ്ഡലത്തില്‍ നടത്തുന്നത്. ഒന്ന് ബിജെപിക്കെതിരായ മതേതര വോട്ടുകള്‍ മുരളീധരന്റെ വരവോടെ ഭിന്നിക്കുമെന്നതാണ്. മറ്റൊന്ന് എംപിയായ മുരളീധരന്‍ ഇനിയും മറ്റു മണ്ഡലം തേടിപ്പോകാനിടയുണ്ടെന്നും പറയുന്നു.

വിവിധ മണ്ഡലങ്ങളില്‍
പ്രതിസന്ധി ഘട്ടത്തില്‍ കെ മുരളീധരനെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മല്‍സരിപ്പിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ പ്രതിസന്ധി ഉയര്‍ന്ന വേളയിലാണ് അദ്ദേഹം മല്‍സരിച്ചതും ജയിച്ചതും. വകടരയിലും മുരളീധരന്റെ സാന്നിധ്യം അത്തരത്തില്‍ തന്നെയായിരുന്നു. എന്നാല്‍ കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും തോറ്റ ചരിത്രവും മുരളിക്കുണ്ട്.

ജയിച്ചാല്‍ പാര്‍ലമെന്റിലേക്കില്ല
മണ്ഡലം മാറുന്ന മുരളീധരന്‍ നേമത്ത് ജയിച്ചാലും മറ്റു മണ്ഡലങ്ങളിലേക്ക് പോകാന്‍ ഇടയുണ്ട് എന്നാണ് ഇടതുക്യാമ്പിന്റെ ഒരു പ്രചാരണം. എന്നാല്‍ നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് മുരളീധരന്‍ തീര്‍ത്തുപറയുന്നു. ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.

അവര്‍ക്ക് പിന്‍മാറാമല്ലോ
മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന് എല്‍ഡിഎഫ് പ്രചരിപ്പിക്കുന്നു. എന്നാല്‍ അവര്‍ക്ക് പിന്‍മാറാമല്ലോ എന്നാണ് മുരളീധരന്റെ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കട്ടെ. ഒന്നാം സ്ഥാനത്തിന് തന്റെ വേണ്ടിയാണ് മല്‍സരം. രണ്ടു മൂന്നും ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മറ്റു ചില പ്രചാരണം
അടുത്തിടെ പല കോണില്‍ നിന്നും ലൗജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയാണ് വിഷയം അടുത്തിടെ ഉന്നയിച്ചത്. ഇടതുപക്ഷത്തിന്റെ പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം പിന്‍മാറുകയാണെന്ന് അറിയിച്ചു. ബിജെപിയും വിഷയം പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തില്‍ മുരളീധരന്‍ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.

കേരളത്തില്‍ ഇല്ല
കേരളത്തില്‍ ലൗജിഹാദ് ഇല്ല എന്ന് ശശി തരൂര്‍ എംപി പറഞ്ഞു. അങ്ങനെ സംഭവിച്ചെങ്കില്‍ ബിജെപി തെളിവ് തരട്ടെ എന്നും തരൂര്‍ പറയുന്നു. ലൗജിഹാദ് കേരളത്തില്‍ പ്രധാന വിഷയമല്ല എന്ന് കെ മുരളീധരന്‍ പറഞ്ഞു. വ്യാപകമായ മതംമാറ്റം കേരളത്തില്‍ ഇല്ല എന്നും വര്‍ഗീയതയുണ്ടാക്കാനുള്ള നീക്കമാണിതെന്നും മുരളി പ്രതികരിച്ചു.

സിപിഎം വോട്ട് കോണ്‍ഗ്രസിന്
സിപിഎം തോല്‍ക്കണമെന്ന് അവരുടെ പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. കോര്‍പറേറ്റ് മനോഭാവത്തിലേക്ക് പാര്‍ട്ടി മാറിയതില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. ഇങ്ങനെ അതൃപ്തിയുള്ള സിപിഎമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. പ്രചാരണം അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ നേമം മണ്ഡലത്തില്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്.
'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല
ആ പ്രമുഖന് മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന് വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണം
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം