ധർമ്മടത്തും നേമം മോഡൽ പയറ്റാൻ കോൺഗ്രസ്?; പിണറായിയെ നേരിടാൻ തയ്യാറാണെന്ന് കെ സുധാകരൻ
തിരുവനന്തപുരം; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 139 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളേയും യുഡിഎഫ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിൽ ബാക്കി നിൽക്കുന്നത് ഒരേ ഒരു മണ്ഡലമാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം. ഇവിടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ആരെന്ന് പ്രഖ്യാപിക്കാൻ ഇതുവരെ നേതൃത്വം തയ്യാറായിട്ടില്ല.
ഇതിനിടയിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എംപിയുമായ സാക്ഷാൽ സുധാകരൻ തന്നെ മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പിണറായിക്കെതിരെ മത്സരിക്കാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുധാകരൻ. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

പിണറായിക്കെതിരെ മത്സരിക്കാൻ
സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് ധർമ്മടം. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസിൽ മമ്പറം ദിവാകരനായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെയാണ് ധർമ്മടത്ത് പുതിയ സ്ഥാനാർത്ഥിക്കായി കോൺഗ്രസ് നേതൃത്വം ചർച്ച തുടങ്ങിയത്.

ഫോർവേഡ് ബ്ലോക്കിന്
കോൺഗ്രസ് ദേശീയ വക്താവായ ഷമ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് എന്നിവരുടെ പേരുകളെല്ലാം തുടക്കം മുതൽ മണ്ഡലത്തിൽ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ അത്തരം ചർച്ചകൾ പാതിവഴിയിൽ അവസാനിച്ചു. അതിനിടെ സീറ്റ് വിഭജനം പൂർത്തിയായതോടെ ധർമടം സീറ്റ് ഫോർവേഡ് ബ്ലോക്കിന് ലഭിച്ചു.

ദേശീയ തലത്തിലും
മുഖ്യമന്ത്രിക്കെതിരെ ശക്തനായ നേതാവ് എന്ന നിലയില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനെ തന്നെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ മുന്നണിയിൽ ശക്തമായി. പശ്ചിമ ബംഗാളിൽ സിപിഎം ഉൾപ്പെട്ട ഇടതുമുന്നണിയുടെ ഭാഗമായ ഫോർവേഡ് ബ്ലോക്കിന്റെ ദേശിയ സെക്രട്ടറിയെ തന്നെ ഇടതുമുഖ്യനെതിരെ കേരളത്തിൽ സ്ഥാനാർത്ഥിയാക്കിയാൽ അത് ദേശീയ തലത്തിൽ ഉൾപ്പെടെ ചർച്ചയാക്കാമെന്നും കോൺഗ്രസ് കണക്ക് കൂട്ടി.

കെ സുധാകരൻ മത്സരിക്കണമെന്ന്
എന്നാൽ മത്സരിക്കാൻ ഇല്ലെന്ന് അദ്ദേഹം അറിയിച്ചതോടെ യുഡിഎഫ് നേതൃത്വം പ്രതിസന്ധിയിലായി. ഇതോടെയാണ് നേമം മാതൃകയിൽ ശക്തനായ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസിന്റെ ശക്തനായ നേതാവായ കെ സുധാകരൻ പിണറായിക്കെതിരെ ഇറങ്ങണമെന്ന ആവശ്യവും നേതാക്കൾ ഉയർത്തി.

പ്രതികരിച്ചിരുന്നില്ല
ഇതിനിടെ സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഇമെയിൽ സന്ദേശങ്ങളും അയച്ചു. എന്നാൽ നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി സുധാകരൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആവശ്യപ്പെട്ടാൽ മത്സരിക്കും
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മടത്ത് സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുധാകരൻ.അടുത്ത ദിവസം തന്നെ നേതൃത്വം മികച്ച സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അദ്ദേഹം പ്രതികരിച്ചത്.

ഉമ്മൻചാണ്ടിയുമായി ചർച്ച ചെയ്തു
എന്നാൽ അത് താങ്കളാകുമോയെന്ന ചോദ്യത്തിന് ധര്‍മ്മടത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. അതേസമയം തന്നോടാരും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താനും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

മണ്ഡലത്തിന് ചിറകുണ്ടോ?
എന്നാൽ നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ എവിടെ മത്സരിക്കാനും താൻ തയ്യാറാണെന്ന് സുധാകരൻ പറഞ്ഞു. ധർമ്മടത്ത് എന്ത് പ്രത്യേകതയാണ്. മണ്ഡലത്തിന് ചിറകുണ്ടോ? പിണറായി വിജയനൊന്നും തന്റെ മുന്നിലെ പ്രശ്നമേയല്ല, സുധാകരൻ നിലപാട് വ്യക്തമാക്കി.

പരാജയം വിഷയമല്ല
16,000 വോട്ടിന് ജയിക്കാമായിരുന്ന കണ്ണൂര്‍ വേണ്ടെന്ന് വെച്ചിട്ട് പാര്‍ട്ടിക്കുവേണ്ടി ഉദുമയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് താൻ.1980, 1982, 1991, 1997 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഒരേ നിയോജകമണ്ഡലങ്ങളിൽ നിന്നും താൻ നാല് വട്ടം തുടർച്ചയായി പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാജയം തന്നെ സംബന്ധിച്ച് ഒരു വിഷയമേയല്ല.

ശക്തമായ പോരാട്ടം
പാർട്ടി ആവശ്യപ്പെട്ടാൽ പാർട്ടിക്കായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ പിണറായിക്കെതിരെ മത്സരിക്കാൻ എത്തിയാൽ കേരളം ഉറ്റുനോക്കുന്ന കരുത്തുറ്റ പോരാട്ടമാകും ധര്‍മ്മടത്ത് നടക്കുക.












Click it and Unblock the Notifications