എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് രണ്ടു ഭാര്യമാര്‍? കോടികളുടെ ആസ്തി... രണ്ടു കോളവും പൂരിപ്പിച്ചില്ല, മാറ്റിവച്ചു
മലപ്പുറം/ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ പല സ്ഥാനാര്‍ഥികളും പുറത്തായി. എന്‍ഡിഎയുടെ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക വരണാധികാരികള്‍ തള്ളി. ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്. എന്നാല്‍ രണ്ടു സ്ഥാനാര്‍ഥികളുടെ പത്രിക ഇന്ന് മാറ്റിവച്ചു.
കൊണ്ടോട്ടിയിലെയും തൊടുപുഴയിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് പരിശോധന പൂര്‍ത്തിയാകാതെ മാറ്റിവച്ചത്. കൊണ്ടോട്ടിയില്‍ ഇടതു സ്ഥാനാര്‍ഥിക്കെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

വ്യവസായി സുലൈമാന്‍ ഹാജി
ഗള്‍ഫ് വ്യവസായി സിപി സുലൈമാന്‍ ഹാജിയാണ് കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇടതു സ്വതന്ത്രനായിട്ടാണ് അദ്ദേഹം മല്‍സരിക്കുന്നത്. ജയിച്ചാല്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുള്ള മണ്ഡലത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് സുലൈമാന്‍ ഹാജി തിരഞ്ഞെടുപ്പ് യോഗത്തില്‍ വാഗ്ദാനം ചെയ്തിരുന്നു.

മാറ്റിവെക്കാന്‍ കാരണം ഇതാണ്
നാമനിര്‍ദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് സുലൈമാന്‍ ഹാജിയുടെ പത്രികയുടെ പരിശോധന മാറ്റിവച്ചത്. രണ്ടു കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല. ജീവിത പങ്കാളി, സ്വത്ത് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും മുസ്ലിം ലീഗ് പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.

രണ്ടു ഭാര്യമാര്‍ എന്ന് പരാതി
സുലൈമാന്‍ ഹാജിക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. ഗള്‍ഫില്‍ വച്ച് പാകിസ്താന്‍ സ്വദേശിനിയെ വിവാഹം ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഒരു ഭാര്യ നാട്ടിലാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി പൂരിപ്പിച്ചതത്രെ.

പത്രിക തള്ളുമോ
സുലൈമാന്‍ ഹാജിയുടെ പത്രിക അപൂര്‍ണമാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പരിശോധന പൂര്‍ത്തിയാക്കാതെ മാറ്റിവച്ചിരിക്കുന്നത്. തിങ്കളാഴ്ച വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. അപൂര്‍ണമായ വിവരങ്ങള്‍ നല്‍കി എന്ന് ബോധ്യമായാല്‍ പത്രിക തള്ളാനുള്ള സാധ്യതയമുണ്ട്.

പരാതിക്കൊപ്പം രേഖകള്‍ സമര്‍പ്പിച്ചു
ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന പാകിസ്താനി സ്വദേശിയുമായി ദുബായില്‍ വച്ച് വിവാഹം നടന്നു എന്നാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും അവര്‍ വരണാധികാരിക്ക് നല്‍കിയ പരാതിക്കൊപ്പം കൈമാറി. രേഖയുടെ ആധികാരികത പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കും.

തൊടുപുഴയില്‍ സംഭവിച്ചത്
തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഐ ആന്റണിയാണ്. ക്രമിനല്‍ കേസ് വിവരം മറച്ചുവച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തനിക്ക് അറിയില്ല എന്നാണ് ആന്റണി പറയുന്നത്. തിങ്കളാഴ്ചയാകും ഇനി പരിശോധന നടക്കുക.

എന്‍ഡിഎയുടെ 3 സ്ഥാനാര്‍ഥികള്‍ പുറത്ത്
ഇടുക്കിയിലെ ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി എഐഎഡിഎംകെയുടെ ആര്‍എം ധനലക്ഷ്മിയാണ് മല്‍സരിക്കുന്നത്. ഫോറം 26ലെ വിവരങ്ങള്‍ പൂര്‍ണമായി പൂരിപ്പിക്കാത്തതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് സത്യവാങ്മൂലത്തിലില്ലാത്തതിനാലാണ് ഗുരുവായൂരില്‍ അഡ്വ. നിവേദിതയുടെ പത്രിക തള്ളിയത്. സമാനമായ കാര്യം തന്നെയാണ് തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളാനും കാരണം.
Recommended Video
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications