കെകെ രമയ്ക്ക് നേരെയുളള വ്യക്തിഹത്യ സിപിഎമ്മിന്റെ 52ാമത്തെ വെട്ട്: ഉമ്മൻചാണ്ടി
തിരുവനന്തപുരം: വടകരയിൽ മത്സരിക്കുന്ന കെകെ രമയ്ക്ക് പിന്തുണ അറിയിച്ച് ഉമ്മൻചാണ്ടി. വടകരയിൽ യുഡിഎഫ് പിന്തുണയോടെയാണ് ആർഎംപി സ്ഥാനാർത്ഥിയായി കെകെ രമ മത്സരിക്കുന്നത്. കെകെ രമയ്ക്ക് നേരെ സിപിഎം നടത്തുന്ന വ്യക്തിഹത്യ സിപിഎമ്മിന്റെ അൻപത്തി രണ്ടാമത്തെ വെട്ടാണെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.
ഉമ്മൻചാണ്ടിയുടെ പ്രതികരണം: '' ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അന്നുമുതൽ കേരളത്തിന്റെ മുന്നിൽ വലിയ മുറിവു പോലെ കെകെ രമയുടെ സാന്നിധ്യമുണ്ട്. കാലങ്ങൾ എത്ര കൊഴിഞ്ഞാലും രമയുടെ ഉള്ളിലൊരു ദുഃഖസാഗരം അടങ്ങില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയർപ്പിച്ച ധീര സഖാവാണ് ടി പി ചന്ദ്രശേഖരൻ. അദ്ദേഹത്തെപ്പോലെ നിരവധിപേരെയാണ് മാർക്സിസ്റ്റുകൾ ഇല്ലാതാക്കിയത്. ഇരകളുടെ മരിക്കാത്ത ഓർമ്മകളുമായി ജീവിക്കുന്ന അനേകരുടെ പ്രതീകമാണ് കെ കെ രമ.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് കെകെ രമയും നിലകൊള്ളുന്നത്. രമയ്ക്ക് നേരെ ഫാസിസ്റ്റുകൾ നടത്തിയ വ്യക്തിഹത്യകളെ അൻപത്തി രണ്ടാമത്തെ വെട്ടായി മാത്രമേ കേരളം കാണുന്നുള്ളൂ. വടകരയിൽ കെ കെ രമയെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫിന് അഭിമാനമുണ്ട്. രമയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങാൻ എല്ലാവരുടെയും പിന്തുണയുമുണ്ടാക്കുമെന്ന് എനിക്കുറപ്പാണ്''.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെകെ രമയ്ക്ക് പിന്തുണ അറിയിച്ചു. കുറിപ്പ് വായിക്കാം: ''കെ.കെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ് അവർ. നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാർട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടി.പി ചന്ദ്രശേഖരൻ ആർ എം പി എന്ന പാർട്ടി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. ഭരണഘടന നൽകിയ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സിപിഎം എന്ന കൊലയാളി പാർട്ടി ചെയ്തത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ ടി പിയുടെ ഭാര്യ മുന്നോട്ട് വരുമ്പോൾ അവരെ പിന്തുണയ്‌ക്കേണ്ടത് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണ്. വടകരയിൽ ഇടതു മുന്നണിയെ നേരിടുന്ന പ്രിയപ്പെട്ട കെ.കെ രമയ്ക്ക് യു ഡി എഫിന്റെയും എന്റെയും പിന്തുണ വാഗ്ദാനം ചെയ്യുന്നു''.












Click it and Unblock the Notifications