കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മാസ് ഹിറ്റ്, ജനപ്രീതിക്ക് പിന്നില്‍ ശശി തരൂര്‍, രാഹുലിന്റെ തന്ത്രവും!!
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രകടന പത്രിക ഇറക്കിയതിന് പിന്നാലെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത് കേരള നേതാക്കളുടെ മിടുക്കല്ല. ഈ പ്രകടന പത്രികയ്ക്ക് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളും ഒപ്പം ശശി തരൂരിന്റെ നിരന്തരമായ ഇടപെടലുകളുമാണ്. തരൂര്‍ നിര്‍ദേശിച്ച കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഇടംപിടിച്ചിരിക്കുന്നത്. യുഡിഎഫ് ജയം ഉറപ്പിച്ചാല്‍ തരൂരിന്റെ ജനപ്രീതിയുള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യം സര്‍ക്കാരിലുണ്ടാവും. അതിലുപരി കേരളത്തില്‍ തരൂരിന്റെ സ്വീകാര്യത കൂടിയാണ് വര്‍ധിച്ചിരിക്കുന്നത്.

രാഹുല്‍ മോഡല്‍
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് അധികാരം കിട്ടുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുണ്ട്. അതിന്റെ പകര്‍പ്പാണ് കേരളത്തിലും കണ്ടിരിക്കുന്നത്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടം എഴുതി തള്ളുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നേരത്തെ രാഹുലിന്റെ നിര്‍ദേശത്തോടെ നടപ്പാക്കിയിരുന്നു. താങ്ങുവിലയും അതേ പോലെയുണ്ട്. റബ്ബറിന് 250 രൂപയും നെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമി സംസ്ഥാനങ്ങളില്‍ താങ്ങുവില 2500 ആക്കുമെന്നായിരുന്നു. ഇത് നടപ്പാക്കുകയും ചെയ്തു.

തരൂരിന്റെ വരവ്
ശശി തരൂര്‍ ഒരിക്കല്‍ പോലും കേരളത്തിലെ തിരഞ്ഞെടുപ്പ് കാര്യങ്ങളിലേക്ക് വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായി വന്ന സര്‍വേകളില്‍ തരൂര്‍, പ്രമുഖ നേതാക്കളെ വെട്ടി ഉമ്മന്‍ ചാണ്ടിയുടെ തൊട്ടുപിന്നിലെത്തി. രമേശ് ചെന്നിത്തലയേക്കാള്‍ ജനപ്രീതി അദ്ദേഹം നേടിയതോടെയാണ് പ്രകടന പത്രിക തയ്യാറാക്കാനും സംസ്ഥാനത്തെ പ്രചാരണത്തിനുമായി രാഹുല്‍ തന്നെ തരൂരിനെ നിയോഗിച്ചത്. തന്റെ ന്യായ് പദ്ധതി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം ഉള്ളത് തരൂരിനാണെന്ന് രാഹുലിന് അറിയാമായിരുന്നു.

കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍
പിണറായി സര്‍ക്കാരിനെ ക്ഷേമ പ്രവര്‍ത്തനത്തിലൂടെ തന്നെ നേരിടാനാണ് യുഡിഎഫ് പ്രകടന പത്രിക പ്രഖ്യാപിച്ചത്. ന്യായ് പദ്ധതി, ശബരിമല നിയമ നിര്‍മാണം, 3000 രൂപ ക്ഷേമ പെന്‍ഷന്‍, പീസ് ആന്‍ഡ് ഹാര്‍മണി എന്ന പേരില്‍ പുതിയ വകുപ്പ് തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ചുള്ള ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് വീട്. കാരുണ്യാ ചികിത്സാ പദ്ധതി വീണ്ടും ആരംഭിക്കും. 40 മുതല്‍ 60 വരെ വയസ്സുള്ള തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് രണ്ടായിരം രൂപ തുടങ്ങിയവ പ്രധാന ആനുകൂല്യങ്ങളാണ്.

തരൂര്‍ ഇഫക്ട്
ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും സ്വരൂപിച്ച നിര്‍ദേശങ്ങള്‍ ചേര്‍ത്താണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറായത്. എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടന പത്രിക മികച്ചതാക്കുകയായിരുന്നു ശശി തരൂരിനുള്ള ദൗത്യം. യുവാക്കളെയും മതന്യൂനപക്ഷങ്ങളെയും ഒപ്പം നിര്‍ത്താന്‍ ഈ വിഭാഗങ്ങള്‍ക്ക് സമ്മതനായ ശശി തരൂര്‍ തന്നെ കളത്തിലിറങ്ങിയത് പദ്ധതി വന്‍ ഹിറ്റാക്കാന്‍ സഹായിച്ചിട്ടുണ്ട്.

അടിമുടി മാറ്റം
കോണ്‍ഗ്രസിന്റെ മുന്‍കാല പ്രകടന പത്രിക വെച്ച് നോക്കുമ്പോള്‍ ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങളോ താല്‍പര്യങ്ങളോ അടങ്ങിയ യാതൊന്നും പ്രകടനപത്രികയില്‍ ഇല്ല. അഴിമതി ആരോപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് നേട്ടം ലഭിക്കുന്ന കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിച്ചത്. ദേശീയ തലത്തിലെ നയങ്ങളുടെ ഒരു ടച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രകടമാണ്. മുമ്പൊന്നും ഇല്ലാത്ത വിധമാണ് ഇത്. അതേസമയം ഇവയൊക്കെ കോണ്‍ഗ്രസ് നടപ്പാക്കേണ്ടി വരും. അത് എത്രത്തോളം ഗ്രൂപ്പ് കളിക്കിടയില്‍ നടപ്പാക്കുമെന്നതാണ് കണ്ടറിയാനുള്ളത്.

ഒപ്പത്തിനൊപ്പമെത്തി കോണ്‍ഗ്രസ്
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നയിച്ചതോടെ ശശി തരൂരിന്റെയും രാഹുലിന്റെയും പണി പകുതി കുറഞ്ഞു. പ്രകടന പത്രികയോടെ ഇടതുപക്ഷത്തിന് ഒപ്പമെത്താനും കോണ്‍ഗ്രസിന് സാധിച്ചു. പക്ഷേ നിര്‍ണായക നിര്‍ദേശങ്ങള്‍ തരൂരിന് കേരളത്തിലേക്ക് പോകും മുമ്പ് രാഹുല്‍ നല്‍കിയിട്ടുണ്ടായിരുന്നു. ദേശീയ തലത്തില്‍ ജി23 നേതാക്കളില്‍ നിന്ന് തരൂരിനെ അകറ്റുക എന്നത് കൂടിയായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഇതോടെ രാഹുലിന്റെ ഗുഡ് ബുക്കിലേക്ക് തരൂര്‍ വീണ്ടുമെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സമവായ മുഖ്യമന്ത്രിയായി തരൂര്‍ വരാനുള്ള സാധ്യത കാണുന്ന കോണ്‍ഗ്രസുകാരും ധാരാളമുണ്ട്.
Recommended Video

ടോക് ടു തരൂര്‍
തരൂര്‍ പ്രകടനപത്രികയ്ക്ക് വേണ്ടി ടോക് ടു തരൂര്‍ എന്ന പേരില്‍ സംസ്ഥാനത്ത് മുഖാമുഖ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പ് മോഡിലേക്ക് കൊണ്ടുവന്നത് ഈ ടോക് ഷോയാണ്. എല്ലാ മേഖലയെയും കവര്‍ ചെയ്താണ് ഈ പ്രകടന പത്രിക തയ്യാറാക്കിയത്. യുഡിഎഫിന്റെ പ്രകടന പത്രിക മുറിയടച്ച് തയ്യാറാക്കിയതല്ലെന്ന് തരൂര്‍ പറയുന്നു. ജനങ്ങളാണ് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞത്. ഇതൊരു ജനകീയ മാനിഫെസ്റ്റോയാണെന്ന് തരൂര്‍ വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിന് ആശങ്ക സമ്മാനിക്കുന്നതാണ് ഈ പ്രകടനപത്രിക.
സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications