ആറ്റിക്കുറുക്കിയ കണക്കുമായി കോണ്‍ഗ്രസ്; ഭരണത്തുടര്‍ച്ചയില്ല, യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്കെന്ന്
തിരുവനന്തുപുരം: ഭരണത്തുടര്‍ച്ചയെന്ന പ്രചാരണം ഇടത് കേന്ദ്രങ്ങള്‍ നടത്തുമ്പോഴും അധികാരത്തിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. കേവലം ഭൂരിപക്ഷവും മറികടന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നും ബിജെപിക്ക് ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥികളുടെ മികച്ച പട്ടിക പുറത്തിറക്കിയിട്ടും ചില മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമായതിനാല്‍ ഇതിന്റെ ആനുകൂല്യം തുടക്കത്തില്‍ നേടിയെടുക്കാന്‍ മുന്നണിക്കും പാര്‍ട്ടിക്കും സാധിച്ചിരുന്നില്ല. എന്നാല്‍ പതിയെ പതിയെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പ്രചരണത്തില്‍ ഇടതിനൊപ്പം പിടിക്കാന്‍ കഴിഞ്ഞുവെന്നാണ് അവകാശവാദം.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

രാഹുലും പ്രിയങ്കയും
രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടെ പ്രചരണം പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വലിയ ചലനമുണ്ടാക്കാനും സാധിച്ചു. രാഹുലിന്റെ സാന്നിധ്യം വടക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. 2016 ല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്ന മേഘലയായിരുന്നു വടക്കന്‍ കേരളം. കാസര്‍കോട് മുതല്‍ മലപ്പുറം വരേയുള്ള അഞ്ച് ജില്ലകളില്‍ നിന്നായി ആകെ ലഭിച്ചത് 5 സീറ്റ് മാത്രം.
Recommended Video


വടക്കന്‍ കേരളത്തിലെ പ്രതീക്ഷ
ഇത്തവണ അത് ഏറ്റവും കുറഞ്ഞ് 12 സീറ്റെങ്കിലും ആയി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെയാണ് ലീഗ് സീറ്റുകള്‍. കഴിഞ്ഞ തവണ ലീഗിന് മലപ്പുറത്തെ 11 അടക്കം 16 സീറ്റുകള്‍ വടക്കന്‍ കേരളത്തില്‍ നിന്നും നേടാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണ അത് 20 ആക്കി ഉയര്‍ത്തിയാല്‍ ആകെയുള്ള 48 സീറ്റില്‍ 32 ലേറെ സീറ്റുകള്‍ ഉറപ്പായും നേടാമെന്നാണ് പ്രതീക്ഷ. വടകരയില്‍ കെകെ രമയിലൂടേയും വിജയം പ്രതീക്ഷിക്കുന്നു.

തീരദേശങ്ങളില്‍
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിഷയം തീരദേശ മണ്ഡലങ്ങളില്‍ നേട്ടമാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. വിഷയത്തില്‍ ലത്തീന്‍ സഭയുടെ നിലപാടും ഗുണകരമാണ്. മുഖ്യമന്ത്രി ഉൾപ്പെടെ ലത്തീൻ സഭക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിന് തിരിച്ചടിയാവും. അതിനാല്‍ നേരത്തെ പ്രതീക്ഷ ഇല്ലാതിരുന്ന ഇടങ്ങളില്‍ പോലും അനുകൂല സാഹചര്യം ഉണ്ടാക്കിയിട്ടുണെന്നും യുഡിഎഫ് അവകാശപ്പെടുന്നു.

ശബരിമല വിഷയം
ലത്തീന്‍ സഭയുടേത് മാത്രമല്ല, എന്‍എസ്എസ് ഉള്‍പ്പടേയുള്ള എല്ലാ സമുദായ സംഘടനകളുടേയും പിന്തുണ യുഡിഎഫ് മുന്നണിക്കുണ്ടെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ശബരിമല വിഷയം ബിജെപി ഉയര്‍ത്തിയെങ്കിലും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് പോലും ഒരു പ്രഖ്യാപനം ഉണ്ടാവാതിരുന്നത് തങ്ങള്‍ക്ക് അനുകൂലമായി വോട്ടില്‍ പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ക്രിസ്ത്യന്‍ വോട്ട്
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ ഇളക്കം ഉണ്ടാക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും വലിയ തിരിച്ചടി പ്രതീക്ഷിക്കുന്നില്ല. മുസ്ലിം ന്യൂനപക്ഷത്ത് നിന്ന് പഴയ പിന്തുണ തിരികെ ലഭിച്ചാല്‍ മലബാറില്‍ അത് വലിയ തോതില്‍ ഗുണം ചെയ്യും. രാഹുലിന്റെ സാന്നിധ്യവും അനുകൂല ഘടകമാവുന്നത് ഇവിടെയാണ്.

മഞ്ചേശ്വരവും നേമവും
മുമ്പൊക്കെ വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന പതിവ് എസ്എന്‍ഡിപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതും അനുകൂല ഘടകമാണ്. ബിജെപി വലിയ ഭീഷണി നിലനില്‍ക്കുന്ന മഞ്ചേശ്വരത്തും നേമത്തും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. മഞ്ചേശ്വരത്ത് യുഡിഎഫ് സീറ്റ് നിലനിര്‍ത്തും. നേമത്ത് വിജയം കോണ്‍ഗ്രസിനോ സിപിഎമ്മിനോ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

അവസാനഘട്ടത്തില്‍ മുന്നേറി
ബിജെപി പ്രതീക്ഷ വെച്ചുപുലർത്തുന്ന പാലക്കാട്, തൃശൂർ, കോന്നി സീറ്റുകളിലും വിജയം യുഡിഎഫിനായിരിക്കും. ആകെ എണ്‍പതിന് മുകളിലുള്ള സീറ്റാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ഇരട്ട വോട്ട് ആരോപണം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ അവസാന ഘട്ടത്തില്‍ യുഡിഎഫിന് മുന്നേറാന്‍ അവസരം ഒരുക്കിയെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.












Click it and Unblock the Notifications